മരുമകളുമായി അവിഹിത ബന്ധമുണ്ടെന്ന് ആരോപിച്ച്‌ ഭാര്യയും മൂത്ത മരുമകളും ചേര്‍ന്ന് 55 വയസുകാരനെ കൊലപ്പെടുത്തി. ഉത്തര്‍പ്രദേശിലെ ഭാദോഹി ജില്ലയിലെ ഒരു ഗ്രാമത്തിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്.

ശനിയാഴ്ച രാത്രിയില്‍ കൊയ്‌രാന പോലീസ് സ്റ്റേഷന്‍ പരിധിയിലുള്ള ഗ്രാമത്തിലാണ് സംഭവം. ഇളയ മരുമകളുമായി അവിഹിത ബന്ധമുണ്ടെന്ന് ആരോപിച്ച്‌ ഭാര്യയും മൂത്ത മരുമകളും ചേര്‍ന്ന് ഇയാളെ ആക്രമിക്കുകയും പിന്നീട് കത്തികൊണ്ട് കഴുത്തില്‍ വെട്ടുകയുമായിരുന്നുവെന്ന് കേസ് അന്വേഷിക്കുന്ന ഭാദോഹി പോലീസ് സൂപ്രണ്ട് രാം ബദാന്‍ സിംഗ് പറഞ്ഞു.

ഇയാളെ ആശുപത്രിയില്‍ കൊണ്ടുപോയെങ്കിലും എത്തുന്നതിന് മുന്‍പ് തന്നെ മരിച്ചിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഇയാള്‍ക്ക് നാല് ആണ്‍മക്കളുണ്ട്. എല്ലാവരും മുംബൈയില്‍ കുടിയേറ്റ തൊഴിലാളികളാണ്. ഇവരില്‍ രണ്ടുപേര്‍ വിവാഹിതരാണെന്നും ഭാര്യമാര്‍ ഇവിടെ ഗ്രാമത്തില്‍ താമസിക്കുന്നുവെന്നും എസ്പി പറഞ്ഞു.

ഇയാള്‍ക്ക് ഇളയ മരുമകളുമായി അവിഹിത ബന്ധം ഉണ്ടായിരുന്നു. ഇത് അറിഞ്ഞ ഭാര്യയും മൂത്ത മരുമകളും ഇയാളെ ശക്തമായി എതിര്‍ത്തു. തുടര്‍ന്ന് ഇളയ മരുമകളെ വീട്ടിലേക്ക് അയച്ചു. ഇതില്‍ പ്രകോപിതനായ ഇയാള്‍ കുറച്ചുനാള്‍ മുമ്ബ് തന്റെ മൂത്ത മരുമകളെ ആക്രമിക്കുകയും അവളുടെ കണ്ണുകള്‍ക്ക് പരുക്കേറ്റതായും പരാതി ഉള്ളതായി പോലീസ് പറഞ്ഞു.

മൂത്ത മരുമകളെയും ഭാര്യയെയും വീട്ടില്‍ നിന്ന് പുറത്താക്കി മറ്റൊരു വീട്ടില്‍ താമസിക്കാന്‍ ഇയാള്‍ നിര്‍ബന്ധിക്കുകയായിരുന്നെന്നും മൊഴിയില്‍ പറയുന്നു. നാലഞ്ചു ദിവസം മുമ്ബ് ഇയാള്‍ ഇളയ മരുമകളെ തിരികെ കൊണ്ടുവന്നു. ഇതറിഞ്ഞ ഭാര്യയും മൂത്ത മരുമകളും ഇയാളെ ആക്രമിക്കുകയായിരുന്നു.