മുംബയ്: ബോളിവുഡിലെ മയക്കുമരുന്ന് ഉപയോഗത്തെക്കുറിച്ച് പ്രതികരണവുമായി നടന് അക്ഷയ് കുമാര്‍. എല്ലാവ്യവസായത്തെയും പോലെ ബോളിവുഡിലും ലഹരിമരുന്ന് ഉപയോഗമുണ്ടെന്നും എന്നാല്‍ എല്ലാവ്യക്തികളും അതിന്റെ ഭാഗമാണെന്ന് കരുതരുതെന്നുമാണ് ആരാധകര്‍ക്കും മാദ്ധ്യമങ്ങള്‍ക്കുമായി പങ്കുവച്ച നാലുമിനിട്ട് ദൈര്‍ഘ്യമുളള വീഡിയോ സന്ദേശത്തില്‍ അദ്ദേഹം പറയുന്നത്. നടന് സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണത്തെത്തുടര്‍ന്ന് ബോളിവുഡില്‍ ലഹരിമരുന്ന് ഉപയോഗം വ്യാപകമാണെന്ന ആക്ഷേപത്തെത്തുടര്‍ന്നാണ് അക്ഷയ് കുമാര്‍ പ്രതികരണവുമായി രംഗത്തെത്തിയത്.
‘മറ്റ് വ്യവസായങ്ങളില്‍ എന്നപോലെ ബോളിവുഡിലും ലഹരിമരുന്ന് പ്രശ്നമുണ്ട്. എന്നാല്‍ എല്ലാ വ്യക്തികളും അതിന്റെ ഭാഗമാണെന്നു കരുതരുത്. കുറച്ച് ആഴ്ചകളായി ചില കാര്യങ്ങള്‍ പറയണമെന്ന് ആഗ്രഹിച്ചിരുന്നു. സിനിമ എല്ലായ്പ്പോഴും സമൂഹത്തിന്റെ പ്രതിഫലനമാണ്. അഴിമതി, ദാരിദ്ര്യം, തൊഴിലില്ലായ്മ തുടങ്ങിയ പ്രസക്തമായ പല പ്രശ്നങ്ങളും അത് ഉന്നയിക്കുന്നുണ്ട്. അത് ഇനിയും തുടരുകതന്നെ ചെയ്യും.
സുശാന്തിന്റെ മരണത്തെ തുടര്‍ന്നുണ്ടായ സംഭവങ്ങള്‍ സിനിമാ മേഖലയിലെ എല്ലാവരെയും ആത്മപരിശോധനയ്ക്കു പ്രേരിപ്പിച്ചു. ബോളിവുഡില്‍ നിയമവിരുദ്ധമായ കാര്യങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന ചിലര്‍ ഉണ്ടെന്നത് സത്യമാണ്. എല്ലായിടത്തും ഇത്തരത്തിലുളള ചിലരുണ്ട്. അങ്ങനെയെന്നുകരുതി എല്ലാവരും ഇത്തരം പ്രശ്നങ്ങള്‍ ഉളളവരാണെന്ന് കരുതരുത്.
അന്വേഷണ ഏജന്‍സികളും പൊലീസും നടത്തുന്ന അന്വേഷണത്തില്‍ പൂര്‍ണ വിശ്വാസമുണ്ട്. സിനിമാരംഗത്തെ എല്ലാവരും ഇതുമായി സഹകരിക്കും. സിനിമാ വ്യവസായത്തെ മുഴുവന്‍ ഒരേ ലെന്‍സ് ഉപയോഗിച്ച് നോക്കരുതെന്ന് അഭ്യര്‍ത്ഥിക്കുന്നു. അങ്ങനെ ചെയ്യുന്നത് ശരിയല്ല’ – അക്ഷയ് കുമാര്‍ പറഞ്ഞു.