ഡല്‍ഹി: മുന്‍പ്രധാനമന്ത്രി മന്‍മോഹന്‍ സിം​ഗിന് 88-ാം പിറന്നാളാശംസകളുമായി കോണ്‍​ഗ്രസ് നേതാവ് ​രാഹുല്‍ ​ഗാന്ധി. അങ്ങയെപ്പോലെ കഴിവുറ്റ ഒരു പ്രധാനമന്ത്രിയുടെ അഭാവം രാജ്യത്ത് അനുഭവപ്പെടുന്നുണ്ടെന്നായിരുന്നു രാഹുല്‍ ​ഗാന്ധിയുടെ ആശംസാ വാചകങ്ങള്‍. അദ്ദേഹത്തിന്റെ സത്യസന്ധതയും മാന്യതയും അര്‍പ്പണമനോഭാവവവും പ്രശംസിച്ച രാഹുല്‍ ​ഗാന്ധി അദ്ദേഹത്തിന്റെ ഈ ​ഗുണങ്ങള്‍ മറ്റുള്ളവര്‍ക്ക് പ്രചോദനമാണെന്നും കൂട്ടിച്ചേര്‍ത്തു.
‘മന്‍മോഹന്‍ സിംഗിനെപ്പോലെ കഴിവുറ്റ ഒരു പ്രധാനമന്ത്രിയുടെ അഭാവം ഇന്ത്യയില്‍ അനുഭവപ്പെടുന്നു. അദ്ദേഹത്തിന്റെ സത്യസന്ധതയും അര്‍പ്പണബോധവും, എല്ലാവര്‍ക്കും പ്രചോദനമാണ്. അദ്ദേഹത്തിന് ജന്മദിനാശംസകളും മനോഹരമായ ഒരു വര്‍ഷവും ആശംസിക്കുന്നു.’ രാഹുല്‍ ട്വീറ്റ് ചെയ്തു. ഓരോ ഇന്ത്യക്കാരന്റെയും മൊത്തത്തിലുള്ള ക്ഷേമത്തിനായി പ്രവര്‍ത്തിച്ചയാളാണ് മന്‍മോഹന്‍സിംഗ് എന്ന് കോണ്‍ഗ്രസ് പാര്‍ട്ടി ഔദ്യോഗിക ട്വീറ്റില്‍ പറഞ്ഞു.