മന്ത്രി എ.സി മൊയ്തീൻ നേരത്തെ വോട്ട് ചെയ്തെന്ന പരാതിയിൽ റിപ്പോർട്ട് തേടി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ. തൃശൂർ ജില്ലാ കളക്ടറോടും റിട്ടേണിംഗ് ഓഫിസറോടുമാണ് വിശദീകരണം തേടിയത്.

തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള രണ്ടാം ഘട്ട തെരഞ്ഞെടുപ്പിൽ മന്ത്രി മൊയ്തീൻ രാവിലെ 6.55 ന് വോട്ടു ചെയ്തത് ചട്ടലംഘനമാണെന്ന പരാതി ഉന്നയിച്ചത് അനിൽ അക്കര എംഎൽഎയാണ്. മന്ത്രിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടി സ്വീകരിക്കണമെന്നും അനിൽ അക്കര പറഞ്ഞിരുന്നു.

വാച്ചിൽ 7 മണി കാണിച്ചെന്നും അതിനാലാണ് വോട്ട് ചെയ്യാൻ അനുവദിച്ചതെന്നും പ്രിസൈഡിം​ഗ് ഓഫിസർ തെരഞ്ഞെടുപ്പ് കമ്മീഷന് പ്രാഥമിക വിശദീകരണം നൽകി. രാവിലെ 6 ന് വോട്ടു ചെയ്ത 19 വോട്ടർമാരെ 7 മണിക്ക് വീണ്ടും വോട്ടു ചെയ്യിച്ചു. ആദ്യ വോട്ട് റദ്ദാക്കി വോട്ടിംഗ് യന്ത്രം മാറ്റിയ ശേഷമായിരുന്നു നടപടി. തെറ്റിച്ചത് വാച്ചിൻ്റെ വേഗമാണെന്നാണ് പ്രിസൈഡിംഗ് ഓഫിസർ പറഞ്ഞത്.