തിരുവനന്തപുരം: സംസ്ഥാനത്തെ മന്ത്രിമാരുടേയും എംഎല്‍എമാരുടേയും ശമ്പളം വര്‍ധിപ്പിക്കാന്‍ ശിപാര്‍ശ. വിവിധ അലവന്‍സുകളില്‍ 30-35 ശതമാനം വരെ വര്‍ധനയ്ക്കാണ് ശിപാര്‍ശ. ഇത് സംബന്ധിച്ച് ജസ്റ്റീസ് രാമചന്ദ്രന്‍ നായര്‍ കമ്മീഷന്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.

കഴിഞ്ഞ ജൂലൈയിലാണ് നിയമസഭാ സാമാജികരുടെ ശമ്പള വര്‍ധന സംബന്ധിച്ച് പഠിക്കാന്‍ ജസ്റ്റീസ് രാമചന്ദ്രന്‍ നായരെ ഏകാംഗ കമ്മീഷനാക്കി മന്ത്രിസഭാ യോഗം ചുമതലപ്പെടുത്തിയത്.
സംസ്ഥാനത്ത് കടുത്ത സാമ്പത്തിക പ്രതിസന്ധി നിലനില്‍ക്കെ റിപ്പോര്‍ട്ടിൻമേൽ തിരക്കിട്ട തീരുമാനം എടുക്കില്ലെന്നാണ് വിവരം.

2018 ലാണ് ഇതിന് മുന്‍പ് ശമ്പള വര്‍ധന നടപ്പാക്കിയത്. നിലവില്‍ മന്ത്രിമാര്‍ക്ക് 97,429 രൂപയും എംഎല്‍എമാര്‍ക്ക് 70000 രൂപയും ആണ് ശമ്പളം.