ആഫ്റ്റർ ഷേവ് ലോഷൻ കുടിച്ച 40കാരൻ മരിച്ചു. മദ്യം വാങ്ങാൻ പണമില്ലാത്തതിനെ തുടർന്നാണ് ബാർബർ ഷോപ്പ് ജീവനക്കാരനായ യലമഞ്ചിലി ലക്ഷ്മൺ ആഫ്റ്റർ ഷേവ് ലോഷൻ കുടിച്ചത്. ബോധരഹിതനായി വീണ ഇയാളെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആന്ധ്രപ്രദേശിലെ വിജയവാഡയിലാണ് സംഭവം.

ദിവസവും മദ്യപിക്കാറുണ്ടായിരുന്ന ലക്ഷ്മണ് അന്ന് മദ്യം വാങ്ങാൻ പണമുണ്ടായിരുന്നില്ല. ഇതേ തുടർന്നാണ് ഇയാൾ കടയിലെത്തി ആഫ്റ്റർ ഷേവ് കുടിച്ചത്. കുടിച്ചയുടൻ പ്രശ്നമൊന്നും തോന്നിയില്ലെങ്കിലും പിന്നീട് ഇയാൾക്ക് ഛർദ്ദിയും വയറുവേദനയും ഉണ്ടാവുകയും കുടുംബാംഗങ്ങൾ ചേർന്ന് ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു. ചികിത്സക്കിടെ ഇയാൾ മരണപ്പെടുകയായിരുന്നു. ഭാര്യ നൽകിയ പരാതിയിന്മേൽ പൊലീസ് അന്വേഷണം ആരംഭിച്ചു.