നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ മണിപ്പൂര്‍ കോണ്‍ഗ്രസ് പിളര്‍പ്പിലേക്ക്. പഞ്ചാബ് പിസിസി അധ്യക്ഷന്‍ ഗോവിന്ദാസ് കൊന്ദോജം ഉള്‍പ്പടെ എട്ട് എംഎല്‍എമാര്‍ കോണ്‍ഗ്രസില്‍ നിന്നും രാജി വെച്ചു. ഇവര്‍ ഇന്ന് ബിജെപിയില്‍ ചേര്‍ന്നേക്കും. മുന്‍ കേന്ദ്ര മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമാണ് ഗോവിന്ദാസ് കൊന്ദോജം.
കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ആണ് ഗോവിന്ദാസ് മണിപ്പൂര്‍ പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ അധ്യക്ഷനായി ചുമതല ഏറ്റെടുത്തത്. ഗോവിന്ദാസ് കൊന്ദോജം ഉള്‍പ്പടെ 8 കോണ്‍ഗ്രസ് എംഎല്‍എമാരാണ് പാര്‍ട്ടിയില്‍ നിന്നും രാജി വെച്ചത്.
ഇന്ന് വൈകിട്ടോടെ ഇവര്‍ ബിജെപിയില്‍ ചേര്‍ന്നേക്കുമെന്നാണ് അടുത്ത വൃത്തങ്ങള്‍ നല്‍കുന്ന സൂചന. മുന്‍ മന്ത്രിയായ ഗോവിന്ദാസ് കോന്തോജം ബിഷ്ണുപൂര്‍ നിയോജകമണ്ഡലത്തില്‍ നിന്ന് 6 തവണ എംഎല്‍എയും സംസ്ഥാന നിയമസഭയില്‍ കോണ്‍ഗ്രസിന്റെ ചീഫ് വിപ്പും ആയിരുന്നു.
രണ്ടായിരത്തി പതിനേഴില്‍ 28 എം എല്‍ മാര്‍ ഉണ്ടായിരുന്ന കോണ്‍ഗ്രസായിരുന്നു മണിപ്പൂര്‍ നിയമസഭയിലെ ഏറ്റവും വലിയ ഒറ്റക്കക്ഷി.
അറുപതംഗ മണിപ്പൂര്‍ നിയമസഭയില്‍ 36 അംഗങ്ങളുടെ പിന്തുണയോടെയാണ് ബിജെപി ഭരണം നേടിയത്. 21 എം എല്‍ എ മാര്‍ മാത്രമുണ്ടായിരുന്ന ബി ജെ പിക്ക് ഭരണം നേടാനായി പ്രാദേശിക പാര്‍ട്ടികളും പിന്തുണ നല്‍കി. ഇതേ തുടര്‍ന്നുണ്ടായ ഭിന്നതയാണ് മണിപ്പൂര്‍ പിസിസിയില്‍ അംഗങ്ങളുടെ ബി ജെ പി യിലേക്കുള്ള കൊഴിഞ്ഞു പോക്കിന് തുടക്കം കുറിച്ചത്.
സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ കോണ്‍ഗ്രസിനെ പിളര്‍ത്തി കൂടുതല്‍ ആളുകളെ പാര്‍ട്ടിയിലേക്ക് കൊണ്ട് വരാനുള്ള ശ്രമം ബിജെപി തുടരുകയാണ് മണിപ്പൂരില്‍. രാജസ്ഥാന്‍, പഞ്ചാബ്, ഛത്തീസ്ഗഡ്, തെലങ്കാന എന്നിവയ്ക്കു പിന്നാലെ മണിപ്പൂര്‍ കോണ്‍ഗ്രസിലും പ്രതിസന്ധി മൂര്‍ച്ഛിച്ചത് ദേശീയ നേതൃത്വത്തിനു തലവേദന വര്‍ധിപ്പിച്ചിട്ടുണ്ട്.
മണിപ്പൂര്‍ കോണ്‍ഗ്രസ് പിളര്‍പ്പിലേക്ക്; എട്ട് എംഎല്‍എമാര്‍ കോണ്‍ഗ്രസില്‍ നിന്നും രാജി വെച്ചു



