വംശീയ കലാപം രൂക്ഷമായ മണിപ്പൂരിലെ സുരക്ഷാ സ്ഥിതിഗതികൾ അവലോകനം ചെയ്യാൻ സുപ്രധാന യോഗം(Manipur security review meeting) ചേർന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ(Union Home Minister Amit Shah). യോഗത്തിൽ നിലവിലെ സ്ഥിതിഗതികൾ സംബന്ധിച്ച് ഉന്നത സുരക്ഷാ ഉദ്യോഗസ്ഥരിൽ നിന്ന് ആഭ്യന്തര മന്ത്രിക്ക് വിശദീകരണം ലഭിച്ചു. നിലവിലെ സാഹചര്യത്തെക്കുറിച്ചുള്ള സ്ഥിതിവിവരം ലഭിച്ചതിന് പിന്നാലെ സംസ്ഥാനത്ത് ചർച്ചകൾ നടത്തുമെന്ന് അമിത് ഷാ അറിയിച്ചു. വംശീയ വിഭജനം പരിഹരിക്കുന്നതിനായി ആഭ്യന്തര മന്ത്രാലയം രണ്ട് ഗ്രൂപ്പുകളായ മെയ്തേയികളുമായും കുക്കികളുമായും സംസാരിക്കും. മണിപ്പൂരിലെ എല്ലാ പൗരന്മാരുടെയും സുരക്ഷ ഉറപ്പാക്കാൻ കേന്ദ്ര സർക്കാർ പൂർണ പ്രതിജ്ഞാബദ്ധമാണെന്ന് യോഗത്തിന് ശേഷം ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

അക്രമത്തിൽ ഏർപ്പെടുന്നവർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കാൻ ആഭ്യന്തരമന്ത്രി ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. കൂടാതെ, ആവശ്യമെങ്കിൽ മണിപ്പൂരിൽ കേന്ദ്ര സേനയുടെ വിന്യാസം വർദ്ധിപ്പിക്കാനും സംസ്ഥാനത്ത് സമാധാനം പുനഃസ്ഥാപിക്കുന്നതിന് തന്ത്രപരമായ സേനാ വിന്യാസം ഉറപ്പാക്കാനും ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. യോഗത്തിൽ ദുരിതാശ്വാസ ക്യാമ്പുകളിലെ അവസ്ഥയും ആഭ്യന്തരമന്ത്രി അവലോകനം ചെയ്തു. ദുരിതബാധിതർക്ക് ഭക്ഷണം, വെള്ളം, മരുന്നുകൾ, മറ്റ് അടിസ്ഥാന സൗകര്യങ്ങൾ എന്നിവയുടെ ശരിയായ ലഭ്യത ഉറപ്പാക്കാൻ അദ്ദേഹം അധികാരികൾക്ക് നിർദ്ദേശം നൽകി.

മണിപ്പൂർ ചീഫ് സെക്രട്ടറിക്ക് നൽകിയ നിർദ്ദേശത്തിൽ, കുടിയിറക്കപ്പെട്ടവർക്ക് മതിയായ ആരോഗ്യ-വിദ്യാഭ്യാസ സൗകര്യങ്ങളും അവരുടെ പുനരധിവാസവും ഉറപ്പാക്കണമെന്ന് അമിത് ഷാ ആവശ്യപ്പെട്ടു. ഈ കമ്മ്യൂണിറ്റികളെ പിന്തുണയ്ക്കുന്നതിന് അടിയന്തരവും ഫലപ്രദവുമായ നടപടികൾ വ്യാപിപ്പിക്കേണ്ടതിൻ്റെ ആവശ്യകതയെക്കുറിച്ച് മുതിർന്ന ബിജെപി നേതാവ് ഊന്നിപ്പറഞ്ഞു. ഈ മാസം ആദ്യം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ദേശീയ ജനാധിപത്യ സഖ്യം (എൻഡിഎ) വീണ്ടും അധികാരത്തിൽ വന്നതിന് ശേഷം കേന്ദ്ര സർക്കാർ നടത്തുന്ന ആദ്യ യോഗമാണിത്.