തൃശൂര്‍: ജില്ലയിലേയ്ക്ക് മടങ്ങി വരുന്നവര്‍ക്ക് വേണ്ട സൗകര്യങ്ങള്‍ സജ്ജമാക്കി ജില്ലാ ഭരണകൂടത്തിന്റെ കോവിഡ് കോള്‍ സെന്റര്‍. ഇതര സംസ്ഥാനത്ത് നിന്നും വിദേശങ്ങളില്‍ നിന്നും വരുന്നവര്‍ക്ക് താമസസൗകര്യമൊരുക്കുന്നതിന് ചുക്കാന്‍ പിടിക്കുന്നത് സെന്ററിലെ ഉദ്യോഗസ്ഥരാണ്. ജില്ലയിലെത്തുന്നതിന് വേണ്ടിയുള്ളവരുടെ പ്രശ്‌നങ്ങള്‍ക്കും സംശയങ്ങള്‍ക്കും മറുപടി ലഭിക്കുന്നത് കോള്‍ സെന്ററില്‍ നിന്നാണ്.

നോര്‍ക്ക വഴി പാസ് ലഭിക്കുന്നതിനായും നിരവധി പേര്‍ ദിനംപ്രതി കോള്‍ സെന്ററിലേക്ക് വിളിക്കുന്നുണ്ട്. കളക്‌ട്രേറ്റില്‍ പ്രവര്‍ത്തിക്കുന്ന കോള്‍ സെന്ററിന്റെ സേവനം 24 മണിക്കൂറും ലഭ്യമാണ്. മുപ്പതോളം ജീവനക്കാര്‍ ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. വരുന്ന ഫോണ്‍ കോളിന്റെ അടിസ്ഥാനത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ സെക്രട്ടറിമാര്‍ക്ക് വിവരങ്ങള്‍ നല്‍കുകയും അതിനനുസരിച്ച്‌ അവര്‍ക്ക് ക്വാറന്റൈന്‍ സൗകര്യങ്ങള്‍ ഒരുക്കുകയുമാണ് ചെയ്യുന്നത്. ജില്ലയില്‍ ആകെ 8854 മുറികളും 17122 കിടക്കകളും നാട്ടില്‍ തിരിച്ചെത്തുന്നവര്‍ക്കായി ഒരുക്കിയിട്ടുണ്ട്.

കുന്നംകുളം, തൃശൂര്‍, ചാലക്കുടി, തലപ്പള്ളി, ചാവക്കാട്, മുകുന്ദപുരം, കൊടുങ്ങല്ലൂര്‍ തുടങ്ങിയ ഏഴ് താലൂക്കുകളിലാണ് കോവിഡ് സെന്ററുകള്‍ സജ്ജമാക്കിയിരിക്കുന്നത്. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വരുന്നവരെ കൂട്ടനെല്ലൂര്‍ പി സി തോമസ് ഹോസ്റ്റലിലും, പ്രവാസികളെ ഗുരുവായൂര്‍ ഗേറ്റ് വേ ഹോട്ടല്‍, ശ്രീകൃഷ്ണ റസിഡന്‍സ് എന്നിവടങ്ങളിലായി 14 ദിവസം ക്വാറന്റൈനില്‍ താമസിപ്പിക്കും. തുടര്‍ന്ന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ കോവിഡ് കെയര്‍ സെന്ററിലേക്ക് മാറ്റും. ജില്ലയിലേയ്ക്ക് മടങ്ങിവരുന്നവര്‍ക്ക് സംശയങ്ങള്‍ തീര്‍ക്കുന്നതിന് 9400063731, 9400063732, 9400063733, 9400063734, 9400063735 എന്നീ നമ്ബറുകളിലോ cccthrissur@gmail.com എന്ന ഇമെയിലിലോ ബന്ധപ്പെടുക.