കാസര്‍ഗോഡ്: കാസര്‍ഗോഡ് അടുക്കത്ത്ബയലിലെ അല്‍ റൊമാന്‍സിയ ഹോട്ടലിന്റെ ലൈസൻസ് റദ്ദാക്കി. ഭക്ഷ്യസുരക്ഷാ വകുപ്പിന്റേതാണ് നടപടി. ഹോട്ടൽ വൃത്തിഹീനമായ സാഹചര്യത്തിലാണ് പ്രവർത്തിക്കുന്നതെന്ന് കണ്ടെത്തിയതോടെയാണ് നടപടി.
ഈ ഹോട്ടലിൽനിന്നും ഭക്ഷണം വാങ്ങിക്കഴിച്ച കോളജ് വിദ്യാർഥിനിയാണ് മരിച്ചത്. ചെമ്മനാട് പരവനടുക്കം ബേനൂരിലെ പരേതനായ കണ്ണന്-അംബിക ദമ്പതികളുടെ മകളും മഞ്ചേശ്വരം ഗോവിന്ദപൈ മെമ്മോറിയല്‍ ഗവ.കോളജിലെ രണ്ടാംവര്‍ഷ ബികോം വിദ്യാര്‍ഥിനിയുമായ അഞ്ജുശ്രീ പാര്‍വതി (19)ക്കാണ് ഭക്ഷ്യവിഷബാധയേറ്റ് ദാരുണാന്ത്യം സംഭവിച്ചത്. മംഗളൂരുവിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ പുലര്‍ച്ചെ 5.15ഓടെയാണ് മരിച്ചത്.
കഴിഞ്ഞ 31ന് ഉച്ചയ്ക്കാണ് അഞ്ജുശ്രീയുടെ കുടുംബം ഓണ്‍ലൈനായി ഭക്ഷണം ഓര്‍ഡര്‍ ചെയ്തത്. അല്‍ റൊമാന്‍സിയ ഹോട്ടലില്‍നിന്ന് ഒരു ഫുള്‍ ചിക്കന്‍ മന്തി, ഫുള്‍ ചിക്കന്‍ 65, മയോണൈസ്, ഗ്രീന്‍ ചട്നി എന്നിവയാണ് വാങ്ങിയത്.
അഞ്ജുശ്രീയെ കൂടാതെ അമ്മ അംബിക, അനുജന് ശ്രീകുമാര്‍ (17), ബന്ധുക്കളായ ശ്രീനന്ദന (19), അനുശ്രീ (19) എന്നിവരാണ് ഭക്ഷണം കഴിച്ചത്. വൈകുന്നേരത്തോടെയാണ് അഞ്ജുശ്രീക്കും ബന്ധുക്കളായ പെണ്‍കുട്ടികള്‍ക്കും ശാരീരികാസ്വാസ്ഥ്യങ്ങള്‍ അനുഭവപ്പെട്ടത്. അഞ്ജുശ്രീയും മറ്റൊരു പെണ്‍കുട്ടിയും ഛര്ദ്ദിയെത്തുടര്ന്ന് അവശരായി. അഞ്ജുശ്രീയുടെ നിലയായിരുന്നു ഗുരുതരം. മറ്റൊരു പെണ്‍കുട്ടിക്ക് വയറുവേദനയും തലവേദനയുമാണ് അനുഭവപ്പെട്ടത്.
തുടര്‍ന്ന് കാസര്‍ഗോഡ് ദേളിയിലുള്ള സ്വകാര്യ ആശുപത്രിയില്‍ കാണിക്കുകയും പ്രാഥമിക ചികിത്സ നല്കി വീട്ടിലേക്ക് മടങ്ങുകയും ചെയ്തു. അഞ്ചിന് വീണ്ടും ദേഹാസ്വസ്ഥത ഉണ്ടായതിനെതുടര്‍ന്ന് അഞ്ജുശ്രീയെ വീണ്ടും ഇതേ ആശുപത്രിയില്‍ കാണിക്കുകയും രക്തം പരിശോധിക്കുകയും ഐവി ഫ്ളൂയിഡ് ആന്റിബയോട്ടിക് ഉള്‍പ്പെടെയുള്ള ചികിത്സ നല്കി വീട്ടിലേക്ക് മടങ്ങുകയുമായിരുന്നു.
ആറിന് കുട്ടിയുടെ സ്ഥിതി കൂടുതല്‍ ഗുരുതരമായതിനെ തുടര്‍ന്ന് അന്നുതന്നെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്യുകയായിരുന്നു. മൃതദേഹം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളജില്‍ പോസ്റ്റുമോര്‍ട്ടം നടത്തിയശേഷം രാത്രിയോടെ വീട്ടുവളപ്പില്‍ സംസ്കരിച്ചു.