ഫിലാഡെൽഫിയ: ഭ്രൂണഹത്യ എന്ന മാരക പാപത്തെ പിന്തുണയ്ക്കുന്ന രാഷ്ട്രീയ നേതാവെന്ന നിലയിൽ അമേരിക്കൻ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ജോ ബൈഡൻ വിശുദ്ധ കുർബാന സ്വീകരിക്കാൻ പാടില്ലെന്ന് ഫിലാഡെൽഫിയയുടെ മുൻ ആർച്ച് ബിഷപ്പ് ചാൾസ് ജെ. ചാപ്യൂട്ട്. ‘ഫസ്റ്റ് തിംഗ്സ്’ എന്ന മാസികയിൽ എഴുതിയ ലേഖനത്തിലാണ് ചാൾസ് ജെ. ചാപ്യൂട്ട് സഭാപഠനങ്ങളുടെ വെളിച്ചത്തിൽ ബൈഡൻ എന്തുകൊണ്ട് വിശുദ്ധ കുർബാന സ്വീകരിക്കരുതെന്ന് വിശദീകരിച്ചത്. ബൈഡന് വിശുദ്ധ വിശുദ്ധ കുർബാന നൽകുമെന്ന പ്രഖ്യാപനം നടത്തുന്ന മെത്രാന്മാർ, അദ്ദേഹത്തിനും അമേരിക്കൻ മെത്രാൻ സമിതിക്കും കടുത്ത ഉപദ്രവമാണ് വരുത്തിവയ്ക്കുന്നതെന്നും എമിരിറ്റസ് ആർച്ച് ബിഷപ്പ് പറഞ്ഞു.

കത്തോലിക്ക വിശ്വാസിയായി ജ്ഞാനസ്നാനം സ്വീകരിച്ച രണ്ടാമത്തെ അമേരിക്കൻ പ്രസിഡന്റാണ് ജോ ബൈഡൻ. സഭയുടെ ഗര്‍ഭഛിദ്രം അടക്കമുള്ള സുപ്രധാനമായ പല പഠനങ്ങൾക്കും എതിരായിട്ടുള്ള നിലപാടാണ് ജോ ബൈഡന് ഉള്ളതെങ്കിലും തെരഞ്ഞെടുപ്പ് പ്രചാരണവേളയിൽ തന്റെ കത്തോലിക്കാ വിശ്വാസത്തെ പറ്റി നിരന്തരം നിയുക്ത പ്രസിഡന്റ് വാചാലനാകുമായിരുന്നു. തന്റെ രാഷ്ട്രീയ ജീവിതത്തിൽ ബൈഡൻ എടുത്ത പല നിലപാടകളുടെയും അടിസ്ഥാനത്തിൽ, സഭയുമായി പൂർണ്ണ ഐക്യത്തിലല്ല അദ്ദേഹം എന്ന് പറയേണ്ടി വരുമെന്ന് ആർച്ച് ബിഷപ്പ് ചാപ്യൂട്ട് ലേഖനത്തിൽ കുറിച്ചു.

ലക്ഷക്കണക്കിന് നിഷ്കളങ്ക ജീവനുകൾ പൊലിയാൻ ബൈഡൻ എടുത്ത നിലപാടുകളും പറഞ്ഞ വാക്കുകളും കാരണമായി. പ്രസിഡന്റായി ചുമതലയേറ്റ ശേഷം തന്റെ പഴയ നയ പരിപാടികളുമായി മുന്നോട്ടുപോകാനാണ് തീരുമാനമെന്ന് ജോ ബൈഡൻ വ്യക്തമാക്കിയ പശ്ചാത്തലത്തില്‍ അദ്ദേഹം വിശുദ്ധ കുർബാന സ്വീകരിക്കാൻ പാടില്ല. ഇക്കാര്യത്തിൽ ശക്തമായ നിലപാട് മെത്രാൻമാരും, വിശ്വാസികളും എടുക്കണമെന്നും ആർച്ച് ബിഷപ്പ് ചാൾസ് ജെ. ചാപ്യൂട്ട് പറഞ്ഞു.

ഇതിനുമുമ്പ് ജോൺ കെറി അമേരിക്കയുടെ വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥിയായി മത്സരിച്ചപ്പോഴും മെത്രാൻമാരുടെ ഇടയിൽ എന്ത് ചെയ്യണമെന്ന ആശങ്ക ഉണ്ടായിട്ടുണ്ടെന്ന് അദ്ദേഹം സ്മരിച്ചു. ആ സമയത്ത് ഭ്രൂണഹത്യ നിയമവിധേയമാക്കാൻ വോട്ട് ചെയ്യുന്നവർക്കും, മറ്റ് സമാനമായ മാരക പാപങ്ങളെ പിന്തുണയ്ക്കുന്നവർക്കും, വൈദികർ മുന്നറിയിപ്പ് നൽകണമെന്നും, അവർ അതേ നിലപാടിൽ തന്നെ തുടർന്നാൽ വിശുദ്ധ കുർബാന നിഷേധിക്കണമെന്നും വത്തിക്കാന്റെ വിശ്വാസ തിരുസംഘം മാർഗനിർദേശം നൽകിയിരുന്നതായും അതേ മാർഗ്ഗനിർദ്ദേശങ്ങൾ തന്നെയാണ് ഈ നാളുകളിലും പിന്തുടരേണ്ടതെന്നും ആർച്ച് ബിഷപ്പ് ചൂണ്ടിക്കാട്ടി. സ്വന്തം മോക്ഷത്തിനും, രാഷ്ട്രത്തിന്റെ നന്മയ്ക്കുമായി ഭ്രൂണഹത്യ, വിവാഹം എന്നിവയുമായി ബന്ധപ്പെട്ട കത്തോലിക്കാ പ്രബോധനങ്ങളോട് നിഷേധാത്മക നിലപാട് പുലര്‍ത്തുന്നതില്‍ പശ്ചാത്തപിക്കണമെന്ന്‍ ജോ ബൈഡനോട് ടെക്സാസിലെ ടൈലര്‍ രൂപതാധ്യക്ഷനായ ബിഷപ്പ് ജോസഫ് എഡ്വാര്‍ഡ് സ്ട്രിക്ക്ലാന്‍ഡ് അഭ്യര്‍ത്ഥന നടത്തിയിരിന്നു.