തിരുവനന്തപുരം: ഭൂ പതിവ് നിയമം ഭേദഗതി ചെയ്യുന്നതിന് നടപടികൾ ആരംഭിക്കുവാൻ സർക്കാർ വിളിച്ചുചേർത്ത ഉന്നതല യോഗത്തിന്റെ തീരുമാനം സ്വാഗതാർഹമാണെന്ന് കേരള കോണ്ഗ്രസ് -എം ചെയർമാൻ ജോസ് കെ.മാണി. കേരള കോണ്ഗ്രസ് -എം ഇടതുമുന്നണിയിൽ ഘടകകക്ഷിയായ ശേഷം സർക്കാർ നടപടി ആവശ്യപ്പെട്ട് ഉന്നയിച്ച പ്രധാന ആവശ്യങ്ങളിൽ ഒന്നാണിത്.
പാർട്ടി മന്ത്രിയും എംപിമാരും എംഎൽഎമാരും മുഖ്യമന്ത്രിയുമായി ചർച്ച നടത്തിയപ്പോൾ ഇക്കാര്യത്തിൽ ഉറപ്പ് ലഭിച്ചിരുന്നു. വിവിധ ആവശ്യങ്ങൾക്കായി പട്ടയഭൂമിയിൽ പണിതുയർത്തിയ നിർമിതികൾക്ക് നിയമപരമായ ഉടമസ്ഥാവകാശം കർഷകർക്ക് ലഭിക്കുവാൻ നിയമ ഭേദഗതിയിലൂടെ സാധിക്കും.
നിയമഭേദഗതി അവതരിപ്പിക്കുന്ന ബില്ലുമായി ബന്ധപ്പെട്ട് നിയമസഭയ്ക്കകത്തും പുറത്തും നടക്കുന്ന ചർച്ചയിൽ കേരളത്തിലെ മലയോര കർഷകരുടെ പ്രത്യേകിച്ചും ഇടുക്കി ജില്ലയിലെ ജനങ്ങളുടെ ഭൂ വിഷയങ്ങൾ വലിയതോതിൽ ചർച്ച ചെയ്യുന്നതിനും ഈ നടപടി ഉപകരിക്കുമെന്നും ജോസ് കെ. മാണി പറഞ്ഞു.