ന്യൂഡല്‍ഹി: നീണ്ട നാളത്തെ കാത്തിരിപ്പിന് ഒടുവിൽ കണ്ടെയ്ന്‍മെന്റ് സോണുകള്‍ ഒഴികെയുള്ള സ്ഥലങ്ങളില്‍ ആരാധനാലയങ്ങള്‍ തുറക്കുവാന്‍ ഇളവുകള്‍ നല്‍കിക്കൊണ്ട് കേന്ദ്ര സര്‍ക്കാര്‍. ദേശീയ ലോക്ക്ഡൗണ്‍ ജൂണ്‍ 30 വരെ നീട്ടി കൊണ്ടുള്ള മാര്‍ഗ്ഗ നിര്‍ദേശത്തിലാണ് ആരാധനാലയങ്ങള്‍ക്കു ഉപാധികളോടെ ഇളവ് അനുവദിച്ചിരിക്കുന്നത്. അഞ്ചാം ഘട്ട ലോക്ക്ഡൌണ്‍ ജൂണ്‍ ഒന്ന് മുതല്‍ ആരംഭിക്കുമെങ്കിലും എട്ടാം തീയതി മുതലാകും ഇളവുകള്‍ നല്‍കിത്തുടങ്ങുക. അതേസമയം ആരാധനാലയങ്ങള്‍ തുറന്നു നല്കുവാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയെങ്കിലും കേരളത്തില്‍ അനുമതി ലഭിക്കുമോ എന്ന കാര്യത്തില്‍ അനിശ്ചിതത്വം തുടരുകയാണ്.
ലോക്ക്ഡൗണ്‍ ഇളവുകള്‍ സംബന്ധിച്ചു സാഹചര്യത്തിന് അനുസൃതമായി സംസ്ഥാന സര്‍ക്കാരുകള്‍ക്ക് തീരുമാനമെടുക്കാം എന്ന കേന്ദ്ര നിലപാട് മറയാക്കി ആരാധനാലയങ്ങള്‍ അടച്ചിടുന്നത് തുടരുമോ എന്ന സംശയമാണ് കേരളത്തില്‍ നിലനില്‍ക്കുന്നത്. ആരാധനാലയങ്ങൾ തുറക്കണമെന്ന ആവശ്യം സ്ഥിതിഗതികൾ മെച്ചപ്പെട്ടതിന് ശേഷം ആലോചിക്കുമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ദിവസം പറഞ്ഞത്. മദ്യശാലകള്‍ തുറന്നിട്ടും ആരാധനാലയങ്ങളോട് നിഷേധ മനോഭാവം പുലര്‍ത്തുന്നതിനെതിരെ വിശ്വാസികള്‍ക്കിടയില്‍ പ്രതിഷേധം ശക്തമാണ്. കേന്ദ്രത്തിന്റെ അനുമതി ലഭിച്ചെങ്കിലും ഇതേ നിലപാട് തന്നെ സംസ്ഥാന ഭരണകൂടം തുടരുമോയെന്ന സംശയമാണ് വിശ്വാസികള്‍ ഉയര്‍ത്തുന്നത്. ജൂണ്‍ ഒന്നു മുതല്‍ ദേവാലയങ്ങളും അമ്പലങ്ങളും ഇതര ആരാധന കേന്ദ്രങ്ങളും തുറക്കാന്‍ അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി ബി.എസ് യെഡിയൂരപ്പ പ്രധാനമന്ത്രിക്കു കത്തെഴുതിയിരിന്നു. കേന്ദ്ര അനുമതി ലഭിച്ച പശ്ചാത്തലത്തില്‍ കര്‍ണ്ണാടകയില്‍ ആരാധനകേന്ദ്രങ്ങള്‍ ഉടന്‍ തുറന്നേക്കുമെന്നാണ് സൂചന.