നടി ആക്രമിക്കപ്പെട്ട കേസില്‍ കൂറുമാറിയ സംഭവത്തില്‍ നടി ഭാമയ്ക്കെതിരേ രൂക്ഷവിമര്‍ശനവുമായി എഴുത്തുകാരന്‍ എന്‍.എസ്. മാധവന്‍. യേശുവിനെ ഒറ്റിക്കൊടുത്ത യൂദാസിന്റെ പടം പങ്കുവെച്ചായിരുന്നു എന്‍ എസ് മാധവന്റെ പ്രതികരണം. ചിത്രത്തിന് ഭാമയുമായുള്ള സാദൃശ്യം യാദൃശ്ചികം മാത്രം എന്നായിരുന്നു എഴുതിയത്.

കഴിഞ്ഞ ദിവസമാണ് നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ പ്രോസിക്യൂഷന്‍ സാക്ഷികളായിരുന്ന ഭാമയും നടന്‍ സിദ്ദിഖും കൂറുമാറുന്നത്. ഇതിന് ഭാമയുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ കടുത്ത വിമര്‍ശനവും സൈബര്‍ ആക്രമണവും ശക്തമായിരുന്നു. കഴിഞ്ഞ ദിവസം സംഭവത്തില്‍ രൂക്ഷവിമര്‍ശനവുമായി താരങ്ങളായ രേവതി, റിമ കല്ലിങ്കല്‍, രമ്യ നമ്പീശന്‍, സംവിധായകന്‍ ആഷിഖ് അബു എന്നിവരും രംഗത്തെത്തിയിരുന്നു.