തിരുവനന്തപുരം: കൊവിഡ് രോഗികളില്‍ ബ്ലാക്ക് ഫംഗസ് ബാധ (മ്യൂക്കോര്‍മൈക്കോസിസ്) റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് ജാഗ്രതാ നിര്‍ദേശവും ചികിത്സയ്ക്കായി പ്രത്യേക മാര്‍ഗ നിര്‍ദേശവും പുറത്തിറക്കി. കൊവിഡ് രോഗികളില്‍ ഫംഗസ് രോഗബാധ കണ്ടെത്താന്‍ പരിശോധന നടത്തണമെന്ന് ആരോഗ്യ വകുപ്പ് പുറത്തിറക്കിയ പ്രത്യേക മാര്‍ഗ നിര്‍ദേശത്തില്‍ പറയുന്നു.
ഫംഗല്‍ ബാധയ്ക്ക് സാധ്യത ഐ.സി.യുവിലെ രോഗികളിലും ഐ.സി.യുവിലെ അന്തരീക്ഷത്തിലുമാണ്. അതുകൊണ്ട് തന്നെ എല്ലാ ഐ.സി.യുകളിലും ഫംഗല്‍ ബാധ ഉണ്ടോയെന്ന് ഉടന്‍ തന്നെ പരിശോധന നടത്താനാണ് ആരോഗ്യ വകുപ്പ് നിര്‍ദേശിച്ചിരിക്കുന്നത്. അങ്ങനെ എവിടെയെങ്കിലും ഫംഗല്‍ ബാധ ഉണ്ടെങ്കില്‍ ആരോഗ്യവകുപ്പിനെ വിവരം അറിയിക്കണം. കൊവിഡ് രോഗികളെ ഡിസ്ച്ചാര്‍ജ് ചെയ്യുമ്ബോള്‍ ഫംഗല്‍ ബാധ ഉണ്ടാകാന്‍ ഉള്ള സാധ്യതയെക്കുറിച്ച് ബോധവല്‍ക്കരിക്കണമെന്നും മാര്‍ഗ നിര്‍ദേശത്തില്‍ പറയുന്നു.
ഗുരുതര പ്രമേഹ രോഗികളിലാണ് കൂടുതലായി ഫംഗല്‍ ബാധ കണ്ടുവരുന്നത്. അവര്‍ക്ക് പ്രത്യേക ജാഗ്രതാ നിര്‍ദേശം നല്‍കണം. ഫംഗല്‍ ബാധയുടെ ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ അത് ആരോഗ്യവകുപ്പിനെ അറിയിക്കണമെന്നുള്ള നിര്‍ദേശം രോഗികള്‍ക്ക് നല്‍കണം. ഫംഗല്‍ ബാധ തടയാന്‍ മാസ്‌ക് ഫലപ്രദമായി ഉപയോഗിക്കണം. മാസ്‌ക് ഉപയോഗം കൃത്യമായി പാലിക്കണമെന്നും ആരോഗ്യവകുപ്പിന്റെ നിര്‍ദേശത്തില്‍ പറയുന്നു. തമിഴ്‌നാട്ടില്‍ നിന്നെത്തിയ മൂന്നു പേര്‍ ഉള്‍പ്പെടെ ഏഴു പേരാണ് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലുളളത്.



