പി പി ചെറിയാൻ
വാഷിങ്ടൻ ഡി സി ∙ അമേരിക്കകത്തും, പുറത്തും ഭീതിജനകമായ സാഹചര്യം നിലനിൽക്കെ പ്രസിഡന്റ് ബൈഡൻ അവധിയെടുത്ത് തലസ്ഥാനം വിട്ടു. വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് ഡലവെയർ വിൽമിംഗ്ടണിലുള്ള വസതിയിൽ നിന്നാണ് അമേരിക്കൻ പ്രസിഡന്റുമാർ അവധിക്കാലം ചിലവഴിക്കുന്ന ക്യാംപ് ഡേവഡിലേക്ക് പോയത്.
അമേരിക്കകത്തു കോവിഡ് വ്യാപനം വർധിക്കുന്നതും, അഫ്‌ഗാനിസ്ഥാനിൽ താലിബാൻ പിടിമുറുക്കുന്നതും അവിടേക്ക് അമേരിക്കൻ സൈന്യത്തെ അയയ്ക്കുന്നതിനും, കാബൂളിലുള്ള അമേരിക്കൻ എംബസിയിലെ അത്യാവശ്യ രേഖകൾ ഒഴികെ എല്ലാം നശിപ്പിച്ചശേഷം ഉദ്യോഗസ്ഥർ അമേരിക്കയിലേക്ക് തിരിക്കുന്നതും ഉൾപ്പെടെ രാജ്യം ഗുരുതര സ്ഥിതിവിശേഷത്തെ അഭിമുഖീകരിക്കുമ്പോൾ പ്രസിഡന്റ് അവധിക്കാലം ചിലവഴിക്കുന്നതിന് വാഷിങ്ടൻ വിട്ട സംഭവം അത്ര സ്വീകാര്യമല്ല എന്നാണ് റിപ്പോർട്ട്.
കാബൂളിലെ അമേരിക്കൻ എംബസിയുടെ സുരക്ഷാ ഉറപ്പാക്കുന്നതിന് രണ്ടു മറീൻ, ഒരു ആർമി ഇൻഫൻട്രി ബറ്റാലിയൻ കാബൂളിലേക്ക് യാത്ര തിരിച്ചിരുന്നു. രണ്ടാഴ്ച അവധിക്കാലം തിങ്കളാഴ്ച ആരംഭിക്കുമെന്നാണ് നേരത്തെ വൈറ്റ് ഹൈസ് പ്രഖ്യാപിച്ചിരുന്നത്. എന്നാൽ സെനറ്റിൽ സുപ്രധാന ഇൻഫ്രാസ്ട്രക്ച്ചറൽ ബില്ലുകൾ ഉൾപ്പെടെ പാസ്സാക്കേണ്ടതുള്ളതിനാലാണ് വെള്ളിയാഴ്ചയിലേക്ക് മാറ്റിയത്. ക്യാംപ് ഡേവിഡിലായിരിക്കുമ്പോഴും പ്രധാന വിഷയങ്ങൾ ബൈഡൻ തന്നെ കൈകാര്യം ചെയ്യുമെന്നാണ് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി അറിയിച്ചത്.



