സന്‍ഫ്രാന്‍സിസ്കോ: യുഎസിലെ ചെറുകിട-ഇടത്തരം വ്യവസായസ്ഥാപനങ്ങള്‍ സൈബര്‍ ആക്രമണം മൂലം പ്രവര്‍ത്തനം നിര്‍ത്തിവെയ്ക്കേണ്ടിവന്നു. 200 സ്ഥാപനങ്ങള്‍ക്കാണ് സൈബര്‍ ആക്രമണം മൂലം സെര്‍വറുകള്‍ അടച്ചിടേണ്ടി വന്നത്.  നെറ്റ് വര്‍ക്ക് മാനേജ് ചെയ്യാന്‍ ഈ സ്ഥാപനങ്ങള്‍ ഉപയോഗിക്കുന്ന ടൂള്‍ ആണ് സൈബര്‍ ആക്രമണത്തിന് വിധേയമായത്. കസേയ എന്ന കമ്പനി വികസിപ്പിച്ചെടുത്ത ടൂളിനെതിരെ ശക്തമായ റാന്‍സെംവേര്‍ ആക്രമണമാണ് നടന്നത്.  ഈ റാന്‍സെംവേര്‍ ആക്രമണത്തിന് പിന്നില്‍ റഷ്യയിലെ ചില ഹാക്കര്‍മാരാണെന്ന് അമേരിക്കന്‍ രഹസ്യപ്പൊലീസ് ആരോപിക്കുന്നു.

കമ്പനികളുടെ കമ്പ്യൂട്ടറുകളില്‍ ഉള്ള ഡേറ്റ എന്‍ക്രിപ്ഷന്‍ വഴി ലോക് ചെയ്യുന്ന പ്രക്രിയയാണ് റാന്‍സെംവേര്‍ ആക്രമണം. പിന്നീട് ഈ ഡേറ്റ തിരിച്ചുകിട്ടാന്‍ ഹാക്കര്‍മാര്‍ക്ക് പണം നല്‍കേണ്ടതായി വരും. “പ്രശ്നത്തിന്‍റെ കാരണം അന്വേഷിക്കുകയാണ് ഞങ്ങള്‍. അതുവരെ വിഎസ്എ സെര്‍വര്‍ ഓഫ് ചെയ്യാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.”- കസെയ അറിയിച്ചു.

യുഎന്‍ സെക്യൂരിറ്റി കൗണ്‍സില്‍ ഈ ആഴ്ചയില്‍ സൈബര്‍ സെക്യൂരിറ്റി സംബന്ധിച്ച് ആദ്യ പൊതു യോഗം സംഘടിപ്പിച്ചിരുന്നു. രാജ്യങ്ങളിലെ പ്രധാന കമ്പ്യൂട്ടര്‍ ശൃംഖലകള്‍ക്കെതിരെ ഉയരുന്ന സൈബര്‍ ആക്രമണ ഭീഷണിയായിരുന്നു ചര്‍ച്ചാവിഷയം. യുഎസ് പ്രസിഡന്‍റ് ജോ ബൈഡനും റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനും ഈയിടെ സ്വിറ്റ്‌സര്‍ലാന്‍റിലെ ജനീവയില്‍ നടത്തിയ ഉച്ചകോടിയില്‍ സൈബര്‍ ആക്രമണം ഒരു പ്രധാന വിഷയമായിരുന്നു. റഷ്യയില്‍ നിന്നുള്ള സൈബര്‍ ആക്രമണം അവസാനിപ്പിക്കണമെന്ന് അന്ന് ബൈഡന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഈ ഉച്ചകോടിയുടെ ചൂടാറും മുമ്പാണ് പുതിയ ആക്രമണം ഉണ്ടായിരിക്കുന്നത്.

ലോകത്ത് 2020ല്‍ മാത്രം ഏകദേശം 30 കോടി റാന്‍സെംവേര്‍ ആക്രമണങ്ങളാണ് നടന്നത്. ഇത് വ്യക്തികളെയും ചെറുകിട-ഇടത്തരം ബിസിനസുകളെയും അന്താരാഷ്ട്ര കമ്പനികളെയും സര്‍ക്കാരുകളെയും പ്രധാന സേവനങ്ങളെയും ബാധിച്ചിട്ടുണ്ട്.ഇത് മൂലം 1 ട്രില്യണ്‍ ഡോളറിന്റെ നഷ്ടമാണുണ്ടായത്. പ്രധാന ഇന്‍സ്റ്റലേഷനുകളിലും കമ്പനികളിലും നടക്കുന്ന സൈബര്‍ കുറ്റകൃത്യങ്ങള്‍ പ്രത്യേകിച്ചും റാന്‍സെംവേര്‍ ആക്രമണങ്ങള്‍ വലിയ അപകടങ്ങളാണ് സൃഷ്ടിക്കുന്നതെന്ന് പല രാഷ്ട്രങ്ങളും സമ്മതിച്ചിട്ടുള്ളതാണ്. ഈയിടെ സോളാന്‍ വിന്‍ഡ്‌സ്, ജെബിഎസ്, കൊളോണിയല്‍ ഓയില്‍ പൈപ്പ്‌ലൈന്‍ എന്ന യുഎസ് കമ്പനികള്‍ക്ക് നേരെ റാന്‍സെംവേര്‍ ആക്രമണമുണ്ടായി. മാത്രമല്ല, ഈ ഡിജിറ്റല്‍ യുഗത്തില്‍ ഇത്തരം സൈബര്‍ ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ വ്യക്തികള്‍ തമ്മിലും കമ്പനികള്‍ തമ്മിലും രാജ്യങ്ങള്‍ തമ്മിലും ഉള്ള വിശ്വാസത്തെ തകര്‍ക്കുന്നു.