തിരുവനന്തപുരം: മദ്യവില്‍പ്പനയ്‌ക്കായുള്ള ബെവ്‌ക്യൂ ആപ്പിന്റെ നിലവിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്ന് അധികൃതര്‍. നാളെ സാധാരണ രീതിയില്‍ മദ്യവില്‍പ്പന നടക്കും. അതിനുശേഷം ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ മദ്യവില്‍പ്പനയുണ്ടാകില്ല. തിങ്കളാഴ്‌ച ഒന്നാം തീയതി ആയതിനാലാണ് മദ്യവില്‍പ്പന ഇല്ലാത്തത്.ചൊവ്വാഴ്‌ച മദ്യവില്‍പ്പന പുനരാരംഭിക്കും. ഇതിനിടയില്‍ ആപ്പുമായി ബന്ധപ്പെട്ട സാങ്കേതിക പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ശ്രമിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ഇതിനിടെ ആപ് രൂപവത്‌കരിച്ച ഫെയര്‍കോഡ് ടെക്‌നോളജീസിനെതിരെ ശക്തമായ വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. ഇ-ടോക്കണ്‍ സംവിധാനം പരാജയപ്പെട്ടതോടെ മദ്യം ആവശ്യപ്പെട്ട് ബാറുകളിലും ബിവറേജസ് ഔട്ട്‌ലെറ്റുകളിലും എത്തുന്നവരുടെ എണ്ണവും വര്‍ധിച്ചിരിക്കുകയാണ്.
അതേസമയം, സംസ്ഥാനത്ത് മദ്യവിതരണത്തിനായി ആരംഭിച്ച വെര്‍ച്വല്‍ ക്യൂ ആപ് ‘ബെവ്‌ക്യൂ’ പിന്‍വലിക്കേണ്ടതില്ലെന്ന് എക്‌സെെസ് വകുപ്പ് വ്യക്തമാക്കി. എക്‌സൈസ് മന്ത്രി ടി.പി.രാമകൃഷ്ണന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതലയോഗത്തിലാണ് തീരുമാനം. പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ ബെവ് ക്യൂ ആപ് പിന്‍വലിക്കണമെന്ന് ബാറുടമകള്‍ ആവശ്യപ്പെട്ടിരുന്നു.