വത്തിക്കാൻ സിറ്റി: എമരിറ്റസ് മാർപാപ്പ ബെനഡിക്ട് പതിനാറാമന്‍റെ സംസ്കാരച്ചടങ്ങുകൾ വ്യാഴാഴ്ച ഇന്ത്യൻ സമയം രണ്ടിന് ആരംഭിക്കും. അന്ത്യകർമ ശുശ്രൂഷകൾക്കും വിശുദ്ധ കുർബാനക്കും ഫ്രാൻസിസ് മാർപാപ്പയാണ് കാർമികത്വം വഹിക്കുന്നത്. സംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ ഇറ്റലിയിൽനിന്നും ജർമനിയിൽനിന്നുമുള്ള രണ്ട് ഔദ്യോഗിക പ്രതിനിധി സംഘം മാത്രമേ എത്തുകയുള്ളൂവെന്ന് വത്തിക്കാൻ അറിയിച്ചു.
ജർമൻ പ്രസിഡന്റ് ഫ്രാങ്ക്-വാൾട്ടർ സ്റ്റെയിൻമിയർ സംസ്കാര ചടങ്ങിൽ ഔദ്യോഗികമായി പങ്കെടുക്കും. ചൈനീസ് കർദിനാൾ ജോസഫ് സെനിന് സംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ ഹോങ്കോങ്ങിൽനിന്ന് റോമിലേക്ക് പോകാൻ പ്രാദേശിക കോടതിയുടെ അനുമതി ലഭിച്ചു. അന്തിമോപചാരം അർപ്പിച്ചു പ്രാർഥിക്കാനായി ആയിരങ്ങൾ ചൊവ്വാഴ്ചയും ഒഴുകിയെത്തി.