തിരുവനന്തപുരം: തെന്നിന്ത്യയിലെ ആദ്യത്തെ ലയൺ സഫാരി പാർക്ക് ടൂറിസം മാപ്പിൽ നിന്ന് മറയുകയാണ്. ലയൺ സഫാരി പാർക്കിലെ സിംഹങ്ങൾ എല്ലാം ചത്തതോടെ അടിസ്ഥാന സൗകര്യങ്ങളുടെ അഭാവവും ആണ് പ്രധാന കാരണം. സുരേഷ് ഗോപി ടൂറിസം വകുപ്പ് സഹമന്ത്രി ആയതോടെ ലയൻ സഫാരി പാർക്കും നെയ്യാർ ടൂറിസത്തിനും ഉണർവ് നൽകും എന്ന പ്രതീക്ഷയിലാണ് കള്ളിക്കാട് ഗ്രാമപഞ്ചായത്ത് അധികൃതർ.

തെന്നിന്ത്യയിലെ ആദ്യത്തെ ലയൺ സഫാരി പാർക്ക് നെയ്യാറിലാണ്. 1984ലാണ് ഏഷ്യൻ സിംഹങ്ങൾക്ക് വേണ്ടി ഒരു ഓപ്പൺ പാർക്ക് നെയ്യാർ ഡാമിലെ മരക്കുന്നം ദീപിൽ ആരംഭിച്ചത്. 17 സിംഹങ്ങൾ വരെ ഉണ്ടായിരുന്ന ഇവിടുത്തെ അവസാന സിംഹവും 2021ൽ മരിച്ചു. ഇതോടെ സംസ്ഥാനത്തെ ഏറ്റവും മികച്ച ടൂറിസ്റ്റ് കേന്ദ്രമായ നെയ്യാർഡാമിലെ ലയൺ സഫാരി പാർക്കിന് താഴ് വീണിട്ട് അഞ്ച് വർഷം പിന്നിടുന്നു. നെയ്യാർ ലയൺസഫാരി പാർക്കിൽ ഉണ്ടായിരുന്ന അവസാനത്തെ സിംഹമായ ബിന്ദുവാണ് (21) അവസാനം ഓർമ്മയായത്. ഇതോടെയാണ് ഏഷ്യയിലെ തന്നെ രണ്ടാമത്തെ സിംഹ സഫാരി പാർക്ക് പൂട്ടിയത്.

നാല് സിംഹങ്ങളും ആയി നെയ്യാർഡാം മരക്കുന്നത്ത് നെയ്യാർ വനം വകുപ്പിന്റെ കീഴിലുള്ള ലോകോത്തര നിലവാരത്തിൽ ചുറ്റും വെള്ളത്താൽ മൂടപ്പെട്ട ഒരു ദ്വീപിലെ 13 ഹെക്ടർ സ്ഥലത്ത് ഇന്ത്യയിലെ ആദ്യ സിംഹ സഫാരി പാർക്ക് ആരംഭിച്ചത്. 4സിംഹങ്ങൾ മാത്രമുള്ള പാർക്കിൽ പിന്നീട് 17 സിംഹങ്ങളായി വർധിച്ചു. സിംഹങ്ങൾ പെറ്റുപെരുകും എന്നായപ്പോൾ സിംഹങ്ങളുടെ സംരക്ഷണം വനംവകുപ്പിന് ബാധ്യതയായി മാറി. തുടർന്ന് 2005 ൽ സിംഹങ്ങളെ വന്ധീകരണം നടത്തി. ഇതോടെ അണുബാധയേറ്റ് ഒന്നായി കാലപുരിയിൽ എത്തി. 2018 ആയപ്പോൾ രണ്ട് സിംഹങ്ങളിലേക്ക് ചുരുങ്ങി സിംഹ സഫാരി പാർക്ക്.

ഇവിടെ എത്തുന്ന സഞ്ചാരികൾ മിനി ബസിൽ പാർക്കിനുള്ളിലൂടെ സഞ്ചരിച്ച് സിംഹങ്ങളെ അടുത്ത് കാണാനും അറിയാനും ഉള്ള അനുഭവമാണ് നെയ്യാർഡാമിലേക്ക് സഞ്ചാരികളെ ആകർഷിച്ചിരുന്നത്. എന്നാൽ സഫാരി പാർക്കിൽ സിംഹങ്ങൾ ഇല്ലാതായതോടെ വിനോദ സഞ്ചാരികൾ നെയ്യാർഡാമിനെ പതിയെ കൈ ഒഴിഞ്ഞു. ഇവിടെ വിനോദ സഞ്ചാരികളെ പ്രതീക്ഷിച്ച് ഉപജീവനം നടത്തുന്ന കുടുംബങ്ങളും അകെ പ്രതിസന്ധിയിലായി.

ഒരു ഇടവേളക്ക് ശേഷം സിംഹങ്ങളെ എത്തിക്കാനുള്ള ശ്രമം തുടങ്ങി എങ്കിലും സെൻട്രൽസ് ഓഫ് അതോറിട്ടി ഇന്ത്യ അനുമതി നിഷേധിച്ചു. പാർക്കിൽ നിലവിലുള്ള പത്തേക്കർ അപര്യാപ്തമാണെന്നും 20 ഹെക്ടർ ഭൂമിയെങ്കിലും വേണെമെന്നും ആണ് കേന്ദ്ര ഏജൻസി നിലപാടെടുത്തത്. ഇത് മറികടക്കാൻ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിൻ്റെ അനുമതി വേണം. തൃശൂർ എംപി കേന്ദ്ര ടൂറിസം വകുപ്പ് സഹ മന്ത്രിയായതോടെ ആണ് പ്രതീക്ഷ നൽകുന്നതെന്ന് പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. നിലവിലുള്ള പത്തേക്കറിൽ തന്നെ പാർക്ക് പുനരുജ്ജിവിക്കാൻ പഞ്ചായത്ത് ശ്രമിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. വിജയിച്ചാൽ നെയ്യാർഡാമിലേക്കുള്ള സഞ്ചാരികളുടെ ഒഴുക്ക് കൂടുമെന്നാണ് പ്രതീക്ഷ.