ബാഴ്സലോണ: ബാഴ്സലോണയുടെ പരിശീലന ക്യാംപില്‍ നിന്ന് സൂപ്പര്‍താരം ലയണല്‍ മെസ്സി ഒരു തവണ വിട്ടുനിന്നാല്‍പോലും താരത്തെക്കുറിച്ചുള്ള ആശങ്കകള്‍ പ്രചരിക്കും. ഇപ്പോള്‍ വീണ്ടും താരത്തെക്കുറിച്ച്‌ പുതിയ ആശങ്ക ഉയര്‍ന്നിരിക്കുകയാണ്. ക്ലബ്ബിലെ മറ്റ് അംഗങ്ങളില്‍നിന്ന് വേറിട്ടാണ് മെസ്സി ബുധനാഴ്ച പരിശീലനം നടത്തിയത്. ഇതിനെത്തുടര്‍ന്ന് സ്പാനിഷ് ലീഗ് പുനരാരംഭിക്കുമ്ബോള്‍ ബാഴ്സയുടെ ആദ്യ മത്സരത്തില്‍ മെസ്സി പങ്കെടുക്കുമോ എന്ന കാര്യത്തില്‍ ബാഴ്ലോണയില്‍ നിന്നുള്ള മാധ്യമങ്ങള്‍ സംശയം പ്രകടിപ്പിച്ചു.

മെസ്സിയെക്കുറിച്ച്‌ വിഷമിക്കേണ്ടതില്ലെന്നും ജിമ്മിലെ ബദല്‍ പരിശീലനത്തിലാണ് താരം പങ്കെടുത്തതെന്നുമാണ് എഫ്‌സി ബാഴ്സലോണയുടെ വിശദീകരണം. എന്നാള്‍ മറിച്ചുള്ള സാധ്യതകളാണ് കാറ്റലന്‍ മാധ്യമങ്ങള്‍ മുന്നോട്ട് വയ്ക്കുന്നത്.

മെസ്സിക്ക് തുടയിലെ പേശികളില്‍ ചെറിയ പ്രശ്‌നമുളളതായും ഈ മാസം 13ന് നടക്കാനിരിക്കുന്ന മയ്യോര്‍ക്കയ്ക്കെതിരായ മത്സരത്തിനായുള്ള മെസ്സിയുടെ തയ്യാറെടുപ്പുകളെ അത് ബാധിക്കുന്നതായും കാറ്റലന്‍ ചാനലായ ടിവി 3 റിപ്പോര്‍ട്ട് ചെയ്തു. കോവിഡിനെ തുടര്‍ന്നുള്ള മൂന്നു മാസത്തോളം നീണ്ട അടച്ചിടലിനു ശേഷമാണ് സ്പാനിഷ് ലീഗ് പുനരാരംഭിക്കുന്നത്.

പരിക്കിന്റെ കൃത്യമായ ആഘാതം നിര്‍ണ്ണയിക്കുന്നതിനുള്ള പരിശോധനയ്ക്ക് മെസ്സി വിധേയനായതായി ടിവി 3 റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ മെസ്സി പരിശോധന നടത്തിയെന്ന വാര്‍ത്ത ബാഴ്‌സ സ്ഥിരീകരിച്ചിട്ടില്ല. വ്യാഴാഴ്ച ക്ലബ്ബിന്റെ പരിശീലനത്തിന് അവധിയാണ്. വെള്ളിയാഴ്ചത്തോടെ പരിശീലനം പുനരാരംഭിക്കും.

നടപ്പ് ലാ ലിഗ സീസണിന്റെ തുടക്കത്തില്‍ രണ്ടുമാസത്തോളം മെസ്സിക്ക് നഷ്ടപ്പെട്ടിരുന്നു. പ്രീ സീസണില്‍ കാല്‍വെണ്ണയുടെ പേശിക്ക് പരിക്കേറ്റതിനെത്തുടര്‍ന്നായിരുന്നു അത്. നിലവില്‍ ലീഗിലെ ടോപ് സ്കോററാണ് മെസ്സി. 19 ഗോളാണ് സീസണില്‍ ഇതുവരെ നേടിയത്. റയല്‍ മാഡ്രിഡിന്റെ കരീം ബെന്‍സെമയാണ് 14 ഗോളുമായി രണ്ടാം സ്ഥാനത്ത്. ഏറ്റവും മെസ്സിക്കും ഏറ്റവും കൂടുതല്‍ അസിസ്റ്റുകളും മെസ്സിയുടെ പേരിലാണ്, 12 എണ്ണം.

മഞ്ഞ കാര്‍ഡുകള്‍ കൂടുതല്‍ നേടിയതിനാല്‍ മയ്യോര്‍ക്കക്കെതിരായ മത്സരം ഡിഫെന്‍ഡര്‍ ക്ലെമന്റ് ലെങ്‌ലെറ്റിന് നഷ്ടമായേക്കും. സ്ട്രൈക്കര്‍ ലൂയി സുവാരസ് ജനുവരിയില്‍ കാല്‍മുട്ട് ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു. ശസ്ത്രക്രിയക്ക് ശേഷം സുവാരസിന് ഈ സീസണ്‍ പൂര്‍ണമായും നഷ്ടപ്പെടുമെന്നായിരുന്നു കോവിഡ് വ്യാപനത്തിനു മുന്‍പ് കരുതിയിരുന്നത്. എന്നാല്‍ അടച്ചുപൂട്ടലിനു ശേഷം മത്സരങ്ങള്‍ പുനരാരംഭിക്കുന്നതിന് മുന്നോടിയായി സുവാരസ് സാധാരണ നിലയില്‍ പരിശീലനം ആരംഭിച്ചിട്ടുണ്ട്. മയ്യോര്‍ക്കയ്ക്കെതിരായ മത്സരത്തില്‍ സുവാരസ് ബാഴ്സയ്ക്ക് വേണ്ടി ഇറങ്ങുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

കാലിലെ പേശിക്കുള്ള പ്രശ്നങ്ങളില്‍ നിന്ന് പൂര്‍ണമായും മോചിതനാനവാത്തതിനാല്‍ ഉസ്മാന ഡെംബെലെക്ക് മടങ്ങിവരാനായേക്കില്ല. ലീഗില്‍ 11 റൗണ്ടുകള്‍ അവശേഷിക്കേ രണ്ടാം സ്ഥാനക്കാരായ റയലിനോട് രണ്ടു പോയിന്റിന് മാത്രമാണ് ബാഴ്സ മുന്നിട്ട് നില്‍ക്കുന്നത്.

ജൂണ്‍ 14നാണ് റയലിന്റെ ഇനിയുള്ള മത്സരം. ഐബറുമായുള്ള മത്സരം റയലിന്റെ പരിശീലന കേന്ദ്രമായ മാഡ്രിഡ് ആല്‍ഫ്രഡോ ഡി സ്റ്റെഫാനോ സ്റ്റേഡിയത്തിലാണ് നടക്കുക. റയല്‍ ഹോം ഗ്രൗണ്ടായ സാന്തിയാഗോ ബെര്‍ണബ്യു സ്റ്റേഡിയം അറ്റകുറ്റ പണികള്‍ക്കായി അടച്ചിട്ടിരിക്കുകയാണ്.

സെവിയ്യയും റയല്‍ ബെറ്റിസും തമ്മിലുള്ള സെവിയ്യ ഡെര്‍ബിയാണ് പുനരാരംഭിക്കുന്ന ലാലിഗയിലെ ആദ്യ മത്സരം. ഈ മാസം 12നാണ് മത്സരം.