തിരുവനന്തപുരം: വയലനിസ്റ്റ് ബാലഭാസ്‌ക്കറിന്റെ മരണത്തില്‍ അന്വേഷണം കൂടുതല്‍ സംഗീതജ്ഞരിലേക്ക് നീങ്ങുന്നു. ഗായകന്‍ മധു ബാലകൃഷ്ണന്റെ മൊഴി സിബിഐ രേഖപ്പെടുത്തുന്നു. ബാലഭാസ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട് സംഗീതജ്ഞരായ ഇഷാന്‍ ദേവ്, സ്റ്റീഫന്‍ ദേവസി എന്നിവരുടെ മൊഴി അന്വേഷണ സംഘം നേരത്തെ രേഖപ്പെടുത്തിയിരുന്നു.

ബാലഭാസ്‌കറിന്റെ മരണത്തില്‍ ദുരൂഹത ആരോപിച്ചുകൊണ്ട് കുടുംബം രംഗത്തെത്തിയിരുന്നു. കുടുംബത്തിന്റെ ആവശ്യത്തെത്തുടര്‍ന്ന് സിബിഐ അന്വേഷണം ഏറ്റെടുക്കുകയായിരുന്നു. ബാലഭാസ്‌കര്‍ മരിക്കുന്നതിന് എട്ടുമാസം മുമ്ബ് എടുത്ത ഇന്‍ഷുറന്‍സ് പോളിസിയെക്കുറിച്ച്‌ അന്വേഷണം ഊര്‍ജ്ജിതമാക്കി സിബിഐ. അന്വേഷണത്തിന്റെ ഭാഗമായി സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍മാര്‍, ഇന്‍ഷൂറന്‍സ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവരെ സിബിഐ ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തിരുന്നു.
പോളിസി രേഖകളിലെ ബാലഭാസ്‌കറിന്റെ കയ്യൊപ്പ് വ്യാജമാണെന്ന ബന്ധുക്കളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം. കയ്യൊപ്പ് വ്യാജമാണെന്നും വിവരങ്ങള്‍ തെറ്റായി നല്‍കിയെന്നും ഇതില്‍ ദുരൂഹതയുണ്ടെന്നുമുള്ള ബന്ധുക്കളുടെ പരാതി സിബിഐ ഗൗരവത്തോടെയാണ് കാണുന്നത്. ഈ വിഷയം വിശദമായി അന്വേഷിക്കാനാണ് സിബിഐ തീരുമാനം. മരിക്കുന്നതിന് ഏട്ടുമാസം മുമ്ബാണ് 82 ലക്ഷം രൂപ ഇന്‍ഷുറന്‍സ് കവറേജുള്ള പോളിസി ബാലഭാസ്‌ക്കറിന്റെ പേരില്‍ എടുക്കുന്നത്. പോളിസി രേഖകളില്‍ സ്വര്‍ണക്കടത്ത് കേസിലെ പ്രതി വിഷ്ണു സോമസുന്ദരത്തിന്റെ മൊബൈല്‍ നമ്ബരും ഇമെയില്‍ വിലാസവുമാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

ഇതിനൊപ്പം ഐആര്‍ഡിഎ ചട്ടങ്ങള്‍ ലംഘിച്ച്‌ ഇന്‍ഷുറന്‍സ് ഡവലപ്പ്‌മെന്റ് ഓഫീസറുടെ ബാങ്ക് അക്കൗണ്ടില്‍ നിന്നും പ്രീമിയം അടച്ചതും ദുരൂഹത വര്‍ദ്ധിപ്പിക്കുന്നുണ്ട്. വിഷ്ണു സോമസുന്ദരത്തിന്റെ അടുത്ത സുഹൃത്തായ ഡെവലപ്‌മെന്റ് ഓഫീസര്‍ വഴിയാണ് ഈ ഇന്‍ഷുറന്‍സ് പോളിസി എടുത്തിരിക്കുന്നത്.