കൊച്ചി: വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ കലാഭവൻ സോബിക്ക് വീണ്ടും നുണപരിശോധന. ചൊവ്വാഴ്ച വീണ്ടും നുണപരിശോധനയ്ക്ക് ഹാജരാകാനാണ് സിബിഐ സോബിയോട് ആവശ്യപ്പെട്ടിരിക്കുന്നത്.ബാലഭാസ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ അറിയാനുണ്ടെന്നും, ചൊവ്വാഴ്ച രാവിലെ ഹാജരാകാനുമാണ് സി ബി ഐ സോബിക്ക് നൽകിയിരിക്കുന്ന നിർദേശം.

ബാലഭാസ്‌കറിന്റെ അപകടത്തിൽ അസ്വാഭാവികത ഉണ്ടെന്ന കലാഭവൻ സോബിയുടെ വെളിപ്പെടുത്തലിന്റെ ചുവടു പിടിച്ചാണ് സിബിഐ അന്വേഷണം നുണ പരിശോധനയിലേക്ക് കടന്നത്. ഇതിന്റെ ഭാഗമായാണ് കലാഭവൻ സോബി, വിഷ്ണു സോമസുന്ദരം എന്നിവരെ കൊച്ചി സിബിഐ ഓഫീസിൽ നുണപരിശോധനയ്ക്ക് വിധേയരാക്കിയത്. സിബിഐ അന്വേഷണം ശരിയായ വഴിക്കാണ് പോകുന്നതെന്നും തന്റെ വാദങ്ങൾ അന്വേഷണ സംഘത്തെ ബോധിപ്പിക്കാനായെന്നും നുണ പരിശോധനയ്ക്ക് ശേഷം സോബി പറഞ്ഞിരുന്നു.

അപകടസ്ഥലത്ത് താൻ ദുരൂഹ സാഹചര്യത്തിൽ സ്വർണ കള്ളക്കടത്തു കേസ് പ്രതി സരിത്തിനെ കണ്ടെന്ന കലാഭവൻ സോബിയുടെ മൊഴി സത്യമാണോ എന്നാണു സിബിഐ പ്രധാനമായി പരിശോധിക്കുന്നത്. കാർ ഓടിച്ചിരുന്നത് ബാലഭാസ്‌കറെന്നായിരുന്നു  ഡ്രെെവർ അർജുന്റെ മൊഴി. എന്നാൽ അർജുനാണു കാർ ഓടിച്ചിരുന്നത് എന്നാണു ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മി അന്വേഷണ സംഘത്തെ അറിയിച്ചത്. അർജുന്റെ മൊഴി സത്യമാണോയെന്നും കണ്ടെത്തും. പ്രകാശൻ തമ്പിയും വിഷ്ണു സോമസുന്ദരവും പിന്നീടു സ്വർണ കള്ളക്കടത്തു കേസിൽ ആരോപണ വിധേയരായിരുന്നു. ബാലഭാസ്‌കറിന്റെ മരണത്തിൽ ദുരൂഹതകളില്ലെന്നായിരുന്നു ഇരുവരുടെയും മൊഴി.ഇക്കാര്യവും സിബിഐ പരിശോധിക്കുന്നുണ്ട്.