സംസ്ഥാനത്ത് ബസ് ചാര്‍ജ് അമ്ബത് ശതമാനം വര്‍ധിപ്പിക്കും. കിലോ മീറ്ററിന് 70 പൈസ 1.10 രൂപയാക്കി വര്‍ധിപ്പിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇത് കോവിഡ് ഘട്ടത്തില്‍ മാത്രമുള്ളതാണെന്നും സ്ഥിരമായ ചാര്‍ജ് വര്‍ധനയല്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. യാത്രാ ഇളവുകള്‍ക്ക് അര്‍ഹതയുള്ളവര്‍, പരിഷ്‌കരിച്ച ചാര്‍ജിന്റെ പകുതി നല്‍കണം.

നിലവില്‍ ബസില്‍ യാത്ര ചെയ്യുമ്ബോള്‍ പാതി സീറ്റുകളില്‍ മാത്രമേ ആളുകള്‍ക്ക് യാത്ര ചെയ്യാനാകൂ. ശാരീരിക അകലം പാലിക്കുന്നതിനായി പാതി സീറ്റുകള്‍ ഒഴിച്ചിടണം. അങ്ങനെയേ യാത്ര ചെയ്യാനാകൂ. ജില്ലാ അതിര്‍ത്തിക്കുള്ളിലേ ബസുകള്‍ക്ക് ഓടുന്നുള്ളൂ. അങ്ങനെ വരുമ്ബോള്‍, ബസ് ഓടിക്കുമ്ബോഴുണ്ടാകുന്ന ഭീമമായ നഷ്ടം ഒഴിവാക്കാന്‍ കോവിഡ് ഘട്ടത്തില്‍ ചാര്‍ജ് വര്‍ധന വരുത്തേണ്ടി വരുമെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

ബോട്ട് യാത്രാനിരക്ക് 33 ശതമാനം വരെ വര്‍ധിപ്പിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.