ഡാലസ് ∙ ഫോമാ വിമൻസ് ഫോറത്തിന്റെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന നഴ്‌സിങ് സ്കോളർഷിപ്പുകളുടെ വിതരണോദ്ഘാടനം മന്ത്രി ശൈലജ ടീച്ചർ ഓൺലൈനിൽ നിർവഹിച്ചു. സെപ്റ്റംബർ ഇരുപത്തിയാറാം തീയതി ശനിയാഴ്ച, അമേരിക്കൻ ഈസ്റ്റേൺ സമയം രാവിലെ കൃത്യം ഒൻപതു മണിക്ക് ആരംഭിച്ച ചടങ്ങിൽ അർഹരായ അൻപത്തിയെട്ട് നഴ്‌സിങ് വിദ്യാർത്ഥികൾക്ക് സ്‌കോളർഷിപ്പുകൾ കൈമാറി. രേഖ നായർ ചെയർപേഴ്‌സനായുള്ള ഫോമാ വിമൺസ് ഫോറം കമ്മറ്റിയെ മന്ത്രി ശൈലജ ടീച്ചർ പ്രത്യേകം അഭിനന്ദിച്ചു.
വിമൻസ് ഫോറം വൈസ് പ്രസിഡന്റ് ആബിത ജോസ് സന്നിഹിതരായവർക്കു സ്വാഗതമോതി ആരംഭിച്ച ചടങ്ങിന് കമ്മറ്റി മെമ്പർ ശ്രീദേവി അജിതിന്റെ പ്രാർഥനാ ഗീതത്തോടെ ഔദ്യോഗിക പരിവേഷം ലഭിച്ചു. മറുകരയണഞ്ഞവർ, പിറന്ന നാടിനെ കരുതലോടെ സ്മരിക്കുന്നത് ഇത്തരം ബൃഹ്ത്തായ പദ്ധതികളിലൂടെ ആകുമ്പോൾ അതിനു ഇരട്ടി മധുരമാണ് ഉണ്ടാവുകയെന്ന് ആരോഗ്യ വകുപ്പ് മന്ത്രി ശൈലജ ടീച്ചറെ സദസ്സിനു പരിചയപ്പെടുത്തി കൊണ്ട് ഫോമാ ജനെറൽ സെക്രെട്ടറി ജോസ് ഏബ്രഹാം വിശേഷിപ്പിച്ചു. ഫോമാ പ്രസിഡന്റ് ഫിലിപ്പ് ചാമത്തിലിന്റെ അധ്യക്ഷ പ്രസംഗത്തോടെ ചടങ്ങ് കാര്യപരിപാടിയിലേക്കു കടന്നു. നഴ്സിങ് സ്കോളർഷിപ്പിന്റെ വിശദമായ വിവരങ്ങൾ ചെയർപേഴ്‌സൺ രേഖ നായർ സദസിന് വിവരിച്ചു. കേരള സംസ്ഥാനത്തിലെ എല്ലാ ജില്ലകളിൽ നിന്നും സ്കോളർഷിപ്പിന് അർഹരായവരെ നേരിട്ട് പരിചയപ്പെടുത്തി.
ഫോമാ ട്രെഷറർ ഷിനു ജോസഫ്, ഫോമാ വിമൻസ് ഫോറം അഡ്വൈസറി ബോർഡ് ചെയർ കുസുമം ടൈറ്റസ്, അഡ്വൈസറി ബോർഡ് വൈസ് ചെയർ ഗ്രേസി ജെയിംസ്, എക്സ് ഒഫീഷ്യോസായ ഡോക്ടർ സാറ ഈശോ , ബീന വള്ളിക്കളം, ഫോമാ വനിതാ പ്രതിനിധിമാരായ ഡോക്ടർ സിന്ധു പിള്ള, അനു ഉല്ലാസ്, റീജിയനൽ ഭാരവാഹികളായ ജാസ്മിൻ പരോൾ, രേഖ ഫിലിപ്പ്, നിഷ എറിക് മാത്യു എന്നിവർ ആശംസകൾ അർപ്പിച്ചു. ചടങ്ങ് സൂമിൽ ആയിരുന്നെങ്കിലും, നിറഞ്ഞ സദസ്സിന്റെ പ്രതീതിയുണർത്തി. അൻപത്തിയെട്ട് കുട്ടികളോടൊപ്പം, ഫോമാ എക്സിക്യൂട്ടീവ് അംഗംങ്ങളും, ഫോമാ വിമൻസ് ഫോറത്തിന്റെ എല്ലാ റീജിയനിൽ നിന്നുമുള്ള ഭാരവാഹികളും പങ്കെടുത്തു. ഈ കോവിഡ് മഹാമാരിയിലും ഫോമായുടെ കാരുണ്യപ്രവർത്തികൾക്ക് ഭംഗം വരാതെ വിജയത്തിലെത്തിച്ച എല്ലാ സ്പോൺസർമാരോടുമുള്ള നന്ദിയും കൃതജ്ഞതയും തന്റെ നന്ദി പ്രമേയത്തിൽ ചെയർപേഴ്സൺ രേഖ നായർ അറിയിച്ചു.
ഫോമാ വൈസ് പ്രസിഡന്റ് വിന്‍സന്റ് ബോസ് മാത്യു, ജോയിന്റ് സെക്രട്ടറി സാജു ജോസഫ്, ജോയിന്റ് ട്രഷറര്‍ ജയിന്‍ കണ്ണച്ചാന്‍പറമ്പില്‍, നിയുക്ത ഫോമാ പ്രസിഡന്റ് അനിയൻ ജോർജ്, സെക്രെട്ടറി ഉണ്ണി കൃഷ്ണൻ, ട്രെഷറർ തോമസ് റ്റി ഉമ്മൻ എന്നിവരും വിദ്യാർത്ഥികൾക്ക് നന്മ നേർന്നു. ഫോമാ വിമൻസ് ഫോറം നഴ്സിംഗ് സ്കോളർഷിപ്പുകൾ കിട്ടിയ വിദ്യാർത്ഥികളുടെ ജില്ല തിരിച്ചുള്ള പട്ടിക ഇതോടൊപ്പം കൊടുത്തിട്ടുണ്ട്. ഈ പരിപാടിയുടെ പൂർണ്ണരൂപം ഫേസ് ബുക്ക് ലിങ്കിൽ കാണാവുന്നതാണ്. https://www.facebook.com/watch/?v=362284824818056&extid=HZEQjOoJBUNI9c5P