ഓവറിലെ 6 പന്തുകളും സിക്സറിനു പറത്തിയ റെക്കോർഡിനൊപ്പം ഐറിഷ് ക്രിക്കറ്റ് താരം. അയർലൻഡിലെ ബാലിമീന ക്ലബ് ക്യാപ്റ്റൻ ജോൺ ഗ്ലാസ് ആണ് ചരിത്രത്തിൽ ഇടം നേടിയത്. ക്രെഗാഗ് ക്ലബിനെതിരായ അയർലൻഡ് എൽവിഎസ് ടി20 ക്രിക്കറ്റ് ഫൈനലിൻ്റെ അവസാന ഓവറിലാണ് ചരിത്രം പിറന്നത്. ഓവറിൽ വിജയിക്കാൻ 35 റൺസ് വേണ്ടിയിരിക്കെ ജോൺ ഗ്ലാസ് ആറ് പന്തുകളും അതിർത്തികടത്തുകയായിരുന്നു.

ആദ്യം ബാറ്റ് ചെയ്ത ക്രെഗാഗ് 20 ഓവറിൽ എടുത്തത് 147 റൺസ്. മറുപടി ബാറ്റിംഗിനിറങ്ങിയ ബാലിമീന 19ആം ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 113 റൺസ് എന്ന നിലയിൽ തോൽവിയുറപ്പിച്ച് നിൽക്കുന്നു. ആ സമയത്ത് 51 റൺസെടുത്ത് പുറത്താവാതെ നിൽക്കുകയായിരുന്നു ജോൺ ഗ്ലാസ്. തുടർന്നായിരുന്നു അദ്ദേഹത്തിൻ്റെ വെടിക്കെട്ട് ബാറ്റിംഗ്. 87 റൺസുമായി പുറത്താകാതെ നിന്ന ജോൺ ഗ്ലാസ് തന്നെയാണ് മാൻ ഓഫ് ദി മാച്ച്.