ഫിലഡല്‍ഫിയ ∙ ഭാരത അപ്പസ്തോലനും ഇടവക മധ്യസ്ഥനുമായ വിശുദ്ധ തോമ്മാശ്ലീഹായുടെ ദുക്റാന (ഓര്‍മ്മ) തിരുനാളിനു സെന്‍റ് തോമസ് സിറോ മലബാര്‍ ഫൊറോനാ ദേവാലയത്തില്‍ ജൂണ്‍ 27 ഞായറാഴ്ച്ച 10 മണിക്കുള്ള കൊടിയേറ്റത്തോടെ തുടക്കമായി. ഇടവക വികാരി റവ. ഫാ. കുര്യാക്കോസ് കുമ്പക്കീല്‍, മുന്‍ വികാരി റവ. ഫാ. വിനോദ് മഠത്തിപ്പറമ്പില്‍, നവവൈദികന്‍ റവ. ഫാ. ജോബി ജോസഫ് വെള്ളൂക്കുന്നേല്‍ എന്നിവര്‍ സംയുക്തമായി തിരുനാള്‍ കൊടി ഉയര്‍ത്തി പതിനഞ്ചു ദിവസം നീണ്ടുനില്‍ക്കുന്ന തിരുനാള്‍ ആഘോഷങ്ങള്‍ക്കു തുടക്കമിട്ടു. ദിവ്യബലി, രൂപം വെഞ്ചരിപ്പ്, ലദീഞ്ഞ് എന്നിവയായിരുന്നു ഞായറാഴ്ച്ചയിലെ തിരുക്കര്‍മ്മങ്ങള്‍.
ഷിക്കാഗോ സിറോ മലബാര്‍ രൂപതയിലെ അഞ്ചാമത്തെ ബേബി പ്രീസ്റ്റായി 2021 മേയ് 22നു വൈദികപട്ടം സ്വീകരിച്ചശേഷം ആദ്യമായി ഫിലാഡല്‍ഫിയാ സീറോമലബാര്‍ പള്ളിയില്‍ ദിവ്യബലിയര്‍പ്പിക്കാനെത്തിയ നവവൈദികന്‍ റവ. ഫാ. ജോബി ജോസഫ് വെള്ളൂക്കുന്നേലിനു ബൊക്കേ നല്‍കി കൈക്കാരന്മാര്‍ സ്വീകരിച്ചു. ദുക്റാന തിരുനാള്‍ ദിനമായ ജുലൈ മൂന്ന് ശനിയാഴ്ച്ച രാവിലെ 10 മണിക്ക് ഇടവക വികാരി റവ. ഫാ. കുര്യാക്കോസ് കുമ്പപ്രധാന തിരുനാള്‍ ദിവസങ്ങള്‍ ജുലൈ 9, 10, 11 ആയിരിക്കും. ജുലൈ 9 വെള്ളിയാഴ്ച്ച വൈകുന്നേരം 7 മണിക്ക് ആഘോഷമായ ദിവ്യബലി, തിരുനാള്‍ സന്ദേശം, നൊവേന. റവ. ഫാ. തോമസ് മലയില്‍ മുഖ്യകാര്‍മ്മികന്‍. ജുലൈ 10 ശനിയാഴ്ച്ച വൈകുന്നേരം ഏഴിന് റവ. ഫാ. ഡിജോ കോയിക്കര എംസിബിഎസ് (ഹെര്‍ഷി സെ. ജോസഫ് സിറോ മലബാര്‍ മിഷന്‍ ഡയറക്ടര്‍) മുഖ്യകാര്‍മ്മികനായി ആഘോഷമായ ദിവ്യബലി, തിരുനാള്‍ സന്ദേശം, നൊവേന.
പ്രധാന തിരുനാള്‍ ദിവസമായ ജുലൈ 11 ഞായറാഴ്ച്ച 10 മണിക്ക് ഇടവക വികാരി റവ. ഫാ. കുര്യാക്കോസ് കുമ്പക്കീല്‍ മുഖ്യകാര്‍മ്മികനായി ആഘോഷമായ തിരുനാള്‍ കുര്‍ബാന, നൊവേന. ലദീഞ്ഞിനു ശേഷം വിശുദ്ധരുടെ തിരുസ്വരൂപങ്ങള്‍ സംവഹിച്ചുകൊണ്ടുള്ള പ്രദക്ഷിണം, തുടര്‍ന്ന് സ്നേഹവിരുന്ന്.
മരിച്ചവരുടെ ഓര്‍മ്മദിനമായ ജുലൈ 12 തിങ്കളാഴ്ച്ച വൈകുന്നേരം ഏഴിനു ദിവ്യബലി, ഒപ്പീസ്. തിരുക്കര്‍മ്മങ്ങള്‍ക്കുശേഷം ഫാ. കുര്യാക്കോസ് കുമ്പക്കീല്‍ കൊടിയിറക്കുന്നതോടെ പതിനഞ്ചു ദിവസത്തെ തിരുനാളാഘോഷങ്ങള്‍ക്കു തിരശീലവീഴും.
ജൂണ്‍ 27 മുതല്‍ ജുലൈ എട്ടു വരെ എല്ലാദിവസങ്ങളിലും വൈകിട്ട് ഏഴു മണിക്ക് ഇടവകയിലെ 12 കുടുംബയൂണിറ്റുകളുടെ നേതൃത്വത്തില്‍ നൊവേനയും മധ്യസ്ഥപ്രാര്‍ത്ഥനയും നടക്കും. തിരുനാള്‍ ദിവസങ്ങളില്‍ (ഞായര്‍ ഒഴികെ) വൈകുന്നേരം 6:30 മുതല്‍ 7:00 മണിവരെ കുമ്പസാരിക്കുന്നതിനുള്ള സൗകര്യം ഉണ്ടായിരിക്കും. ഫാ. ഫാ. കുര്യാക്കോസ് കുമ്പക്കീല്‍, കൈക്കാരന്മാരായ പോളച്ചന്‍ വറീദ്, സജി സെബാസ്റ്റ്യന്‍, ബിനു പോള്‍, ജോര്‍ജ് വി. ജോര്‍ജ്, സെക്രട്ടറി ടോം പാറ്റാനിയില്‍, പാരിഷ് കൗണ്‍സില്‍ എന്നിവയുടെ നേതൃത്വത്തില്‍ ഭക്തസംഘടനകള്‍, മതബോധനസ്കൂള്‍, ഇടവകാസമൂഹം എന്നിവര്‍ പെരുനാളിന്‍റെ വിജയത്തിനായി പ്രവര്‍ത്തിക്കുന്നു.



