മഞ്ചേശ്വരം എംഎല്‍എ എം സി കമറുദ്ദീൻ പ്രതിയായ ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസിൽ ക്രൈംബ്രാഞ്ച് അന്വേഷണം തുടരുന്നു. ഇതുവരെ എട്ട് പരാതിക്കാരുടെ മൊഴിയെടുത്തു. ആകെ രജിസ്റ്റർ ചെയ്ത 57 കേസുകളിൽ 13 കേസുകളാണ് പ്രാഥമിക അന്വേഷണം നടത്തി ക്രൈംബ്രാഞ്ചിന് കൈമാറിയത്.
മറ്റുള്ളവരുടെ കൂടി മൊഴി രേഖപ്പെടുത്തിയ ശേഷം കേസിന്റെ തുടർനടപടികളിലേക്ക് ക്രൈംബ്രാഞ്ച് കടക്കും. എം സി കമറുദ്ദീനും ജ്വല്ലറി മാനേജിംഗ് ഡയറക്ടർ ടി കെ പൂക്കോയ തങ്ങളുമാണ് പണം വാങ്ങിയതെന്നും നിക്ഷേപം തിരിച്ച് ചോദിച്ചിട്ടും നടപടിയുണ്ടായില്ലെന്നുമാണ് പരാതിക്കാർ നൽകിയ മൊഴി. ഇതിന്റെ അടിസ്ഥാനത്തിൽ കൂടുതൽ ശാസ്ത്രീയമായ അന്വേഷണമാണ് നടത്തുന്നത്. കേസിന്റെ ചുമതലയുള്ള കണ്ണൂർ ക്രൈംബ്രാഞ്ച് എസ്പി കെ കെ മൊയ്തീൻ കുട്ടി ഈ ആഴ്ച ജില്ലയിലെത്തി അന്വേഷണം ഏകോപിപ്പിക്കും.
ഫാഷൻ ഗോൾഡ് രൂപീകരണം മുതലുള്ള ഔദ്യോഗിക രേഖകൾ നൽകാൻ ക്രൈംബ്രാഞ്ച് രജിസ്ട്രാർ ഓഫ് കമ്പനിസിന് നോട്ടീസ് നൽകിയിരുന്നു. തെളിവുകൾ പൂർണമായി ശേഖരിച്ച ശേഷം എംഎൽഎയെ ചോദ്യം ചെയ്യാനാണ് നീക്കം. ഫാഷൻ ഗോൾഡ് തട്ടിപ്പ് കേസിൽ 13 പരാതികളിൽ ക്രൈംബ്രാഞ്ച് പ്രാഥമിക പരിശോധന പൂർത്തിയാക്കി കഴിഞ്ഞു. ഇതിൽ കൃത്യമായി സമ്പത്തിക തട്ടിപ്പ് നടന്നു എന്നതിന് പ്രാഥമിക തെളിവുകൾ കിട്ടിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ ഫാഷൻ ഗോൾഡ് കമ്പനി രൂപീകരണം മുതൽ ഉള്ള ഔദ്യോഗിക രേഖകൾ നൽകാൻ രജിസ്ട്രാർ ഓഫ് കമ്പനീസിനു ക്രൈംബ്രാഞ്ച് നോട്ടീസ് അയച്ചു. കൊച്ചി ആസ്ഥാനത്തേക്കാണ് നോട്ടീസ് അയച്ചത്. തട്ടിപ്പ് ആസൂത്രിതമാണോ എന്നാണ് ഇപ്പോൾ അന്വേഷിക്കുന്നത്. എങ്കിൽ ഗൂഡാലോചന കുറ്റത്തിന് ഐപിസി 120ാംവകുപ്പ് കൂടി ചേർക്കും