തിരുവനന്തപുരം: ലൈഫ് മിഷൻ സിഇഒ യു വി ജോസിന് സിബിഐ നോട്ടീസ്. ലൈഫ് മിഷൻ ഇടപാടുമായി ബന്ധപ്പെട്ട ഫയലുകളുമായി അടുത്ത മാസം അഞ്ചാം തീയതി സിബിഐ ഓഫീസിൽ ഹാജരാകണമെന്നാണ് നോട്ടീസിലെ നിർദ്ദേശം.
റെഡ്ക്രസന്റും ലൈഫ് മിഷനും തമ്മിലുള്ള ധാരണാ പത്രത്തിൽ ഒപ്പുവെച്ചത് യു വി ജോസ് ആയിരുന്നു. ധാരണാ പത്രവും സർക്കാർ രേഖകളും നൽകണമെന്നാവശ്യപ്പെട്ട് നേരത്തെ യു വി ജോസിന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടർ ഉദ്യോഗസ്ഥരും നോട്ടീസ് നൽകിയിരുന്നു. ലൈഫ് മിഷൻ ക്രമക്കേടുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം യൂണിടാക് മാനേജിംഗ് ഡയറക്ടർ സന്തോഷ് ഈപ്പനേയും ഭാര്യ സീമാ സന്തോഷിനെയും സിബിഐ ചോദ്യം ചെയ്തിരുന്നു.
അതേസമയം കേസിൽ സിബിഐ അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ്. വടക്കാഞ്ചേരി നഗരസഭയിലെത്തി കഴിഞ്ഞ ദിവസം സിബിഐ ഉദ്യോഗസ്ഥർ ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട ഫയലുകൾ കസ്റ്റഡിയിലെടുത്തിരുന്നു.