വയനാട്ടിൽ പ്രിയങ്ക ഗാന്ധിയുടെ സ്ഥാനാർത്ഥിത്വം ഉറപ്പിച്ചതോടെ വലിയ ആവേശത്തിലാണ് കോൺഗ്രസ് പ്രവർത്തകർ. രാഹുലിന് പകരക്കാരിയായി എത്തുന്ന പ്രിയങ്ക ഗാന്ധിയെ രണ്ടാം ഇന്ദിര എന്നാണ് വിശേഷിപ്പിക്കുന്നത്. ഇതോടെ വയനമാട്ടിലെ ഭൂരിപക്ഷം കുത്തനെ ഉയര്‍ത്താന്‍ കഴിയുമെന്നും കോണ്‍ഗ്രസ് നേതൃത്വം പ്രതീക്ഷിക്കുന്നു. 

രാഹുൽ ഗാന്ധിയുടെ ലോക്സഭ തിരഞ്ഞെടുപ്പ് മത്സരത്തിൻ്റെ പ്രചരണ ഘട്ടങ്ങളിലെല്ലാം പ്രിയങ്കയുടെ സാന്നിദ്ധ്യം വയനാട്ടിൽ പ്രകടമായിരുന്നു. ഇത് വോട്ടർമാരെയും സ്വാധീനിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തൽ. ജനാധിപത്യത്തിലെ ഇന്ദിരയുടെ രണ്ടാം ജനനമെന്നാണ് പ്രിയങ്ക ഗാന്ധിയുടെ സ്ഥാനാർത്ഥിത്വം സംബന്ധിച്ച് കോൺഗ്രസ് എംഎൽഎ ടി സിദ്ദിഖ് പങ്കുവെച്ചത്. വയനാട് പ്രിയങ്ക ഗാന്ധിക്ക് അന്യമല്ലെന്നും കേരളത്തിലെ ഒട്ടേറെ വിഷയങ്ങളിൽ തങ്ങൾക്കൊപ്പം ഇന്ദിരയുണ്ടായിരുന്നതായും സിദ്ദിഖ് പറയുന്നു. 

രാഹുൽ ഗാന്ധി നേടിയതിനേക്കാൾ മികച്ച ഭൂരിപക്ഷം പ്രിയങ്ക നേടുമെന്നാണ് കോൺഗ്രസ് വിലയിരുത്തൽ. അഞ്ച് ലക്ഷം ഭൂരിപക്ഷം പ്രിയങ്കയ്ക്ക് ഉറപ്പാണെന്നും ടി സിദ്ദിഖ് ഉറപ്പിച്ച് പറയുന്നു. നിലവിൽ തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ തുടങ്ങിയിട്ടില്ലെന്നും എന്നാൽ ആളുകൾ ഒരു ഉത്സവത്തിൻ്റെ ആവേശത്തിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.