വത്തിക്കാന്‍ സിറ്റി: വിശുദ്ധിയിലേക്കുള്ള പാത, പരിത്യാഗങ്ങളും ആദ്ധ്യാത്മിക പോരാട്ടവും അടങ്ങിയതാണെന്നും നന്മയ്ക്കായി പോരാടണമെന്നും പ്രലോഭനങ്ങളിൽ വീഴാതിരിക്കാൻ പൊരുതണമെന്നും ഫ്രാന്‍സിസ് പാപ്പ. ഇന്നലെ ഞായറാഴ്ച (27/09/20) ത്രികാലപ്രാർത്ഥന നയിക്കുന്നതിനു മുമ്പ് നടത്തിയ സന്ദേശത്തിലാണ് പാപ്പ ഇക്കാര്യം ഓര്‍മ്മിപ്പിച്ചത്. മാനസാന്തരം, ഹൃദയപരിവർത്തനം ഒരു പ്രക്രിയയാണെന്നും അത് ധാർമ്മികതയെ മൂടിയിരിക്കുന്ന പടലങ്ങൾ ശുദ്ധീകരിക്കുന്ന ഒരു പ്രവർത്തനമാണെന്നും പാപ്പ പറഞ്ഞു.

‘ദൈവം നാമെല്ലാവരോടും ക്ഷമയുള്ളവനാണ്: അവിടുന്നു തളരുന്നില്ല. നമ്മുടെ വിസമ്മതം കേട്ട് അവിടന്ന് പിന്തിരിയുന്നില്ല. ദൈവത്തിൻറെ ക്ഷമയെക്കുറിച്ചു ചിന്തിച്ചാൽ തന്നെ അത് അതിശയകരമാണ്. കർത്താവ് എന്നും നമ്മെ കാത്തിരിക്കുന്നു. നമ്മെ സഹായിക്കാൻ അവിടുന്ന് എന്നും നമ്മുടെ ചാരെയുണ്ട്. എന്നാൽ നമ്മുടെ സ്വാതന്ത്ര്യത്തെ അവിടന്ന് മാനിക്കുന്നു. നമ്മെ തന്റെ പിതൃകരവലയത്തിനുള്ളിലാക്കാനും തൻറെ അതിരറ്റ കാരുണ്യത്താൽ നമ്മെ നിറയ്ക്കാനും നമ്മുടെ ‘സമ്മതം’ അവിടന്ന് ആകാംക്ഷയോടെ കാത്തിരിക്കുന്നുവെന്നും പാപ്പ പറഞ്ഞു.