ന്യൂഡല്‍ഹി: പ്രമുഖ ചിത്രകാരന്‍ കെ ദാമോദരന്‍ (86) അന്തരിച്ചു. ഡല്‍ഹിയിലായിരുന്നു അന്ത്യം. തലശ്ശേരി സ്വദേശിയായ ദാമോദരന്‍ ദീര്‍ഘകാലമായി ഡല്‍ഹിയിലാണ് താമസം. വിഖ്യാതചിത്രകാരന്‍ കെ സി എസ് പണിക്കരുടെ ശിഷ്യനാണ്. ചിത്രകലയിലെ ആധുനികതാപ്രസ്ഥാനത്തിലെ പ്രമുഖനായ വക്താവ് കൂടിയായിരുന്നു അദ്ദേഹം. 1934 ജനുവരിയില്‍ തലശ്ശേരിയിലാണ് ജനനം. 1956ല്‍ മദ്രാസ് സര്‍വകലാശാലയില്‍നിന്നും ബാച്ചിലര്‍ ഓഫ് ആര്‍ട്സ് ബിരുദം നേടി. കേരള ലളിതകലാ അക്കാദമി അവാര്‍ഡ്, തമിഴ്‌നാട് സര്‍ക്കാര്‍ അവാര്‍ഡ്, സാഹിത്യകലാ പരിഷത്ത് അവാര്‍ഡ് തുടങ്ങി ഒട്ടേറെ ബഹുമതികള്‍ ലഭിച്ചിട്ടുണ്ട്.
കെസിഎസ് പണിക്കരുടെ കീഴില്‍ മദ്രാസ് കോളജ് ഓഫ് ആര്‍ട്‌സ് ആന്റ് ക്രാഫ്റ്റ്‌സിലായിരുന്നു പഠിച്ചത്. ഒപ്പം പഠിച്ച പ്രമുഖ ചിത്രകാരി ടി കെ പദ്മിനിയെ 1968ല്‍ വിവാഹം കഴിച്ചു. കേരളത്തിന്റെ അമൃത ഷെര്‍ഗില്‍ എന്നറിയപ്പെട്ടിരുന്ന പദ്മിനി 1969ല്‍ പ്രസവത്തെത്തുടര്‍ന്ന് മരിച്ചു. തത്വചിന്തയില്‍ ആഭിമുഖ്യം പുലര്‍ത്തിയിരുന്ന ദാമോദരന്‍ കലാജീവിതത്തിന്റെ പ്രാരംഭത്തില്‍തന്നെ വിപുലമായ ഒരു ആശയപ്രപഞ്ചത്തെ കലയില്‍ ആവിഷ്‌കരിക്കാന്‍ ശ്രമിച്ചിരുന്നു. മദ്രാസിലെ പഠനത്തിനുശേഷം ഡല്‍ഹിയില്‍ താമസം തുടങ്ങിയ അദ്ദേഹം രാജ്യത്തിനകത്തും പുറത്തും അനവധി പ്രദര്‍ശനങ്ങള്‍ നടത്തിയിട്ടുണ്ട്.