ന്യൂഡല്‍ഹി: പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു പാര്‍ലമെന്റിനു പുറത്ത് രൂക്ഷ പ്രതിഷേധം ഉയര്‍ത്തുന്നതിനിടെ തൊഴില്‍ മേഖലയില്‍ ഉദാരവല്‍ക്കരണം ലക്ഷ്യമിട്ടു 25 തൊഴില്‍ നിയമങ്ങള്‍ ക്രോഡീകരിച്ചുള്ള 3 ചട്ടങ്ങളുടെ ബില്ലുകള്‍ രാജ്യസഭയും പാസാക്കി. കഴിഞ്ഞ ദിവസം ലോക്സഭയില്‍ പാസായ ബില്ലില്‍ രാഷ്ട്ര പതി ഒപ്പു വയ്ക്കുന്നതോടെ നിയമം ആകും.
കോഡ് ഓഫ് ഇന്‍ഡസ്ട്രിയല്‍ റിലേഷന്‍സ് (വ്യവസായ ബന്ധ നിയമം), ഇന്‍ഡസ്ട്രിയല്‍ കോഡ് ഓണ്‍ സോഷ്യല്‍ സെക്യൂരിറ്റി ആന്‍ഡ് വെെല്ഫയര് (സാമൂഹിക സുരക്ഷയും ക്ഷേമവും സംബന്ധിച്ച കോഡ്), കോഡ് ഓണ്‍ ഒക്കുപേഷണല്‍ സേഫ്റ്റി, ഹെല്‍ത്ത് ആന്‍ഡ് വര്‍ക്കിംഗ് കണ്ടീഷണല്‍ കോഡ് (തൊഴില്‍ സുരക്ഷയും ആരോഗ്യവും തൊഴില്‍ സാഹചര്യവും സംബന്ധിച്ച നിയമം) എന്നിവയാണ് ഇന്നലെ പാസായ മൂന്ന് തൊഴില്‍ കോഡുകള്‍. ഇതില്‍ ഉള്‍പ്പെടുന്ന കോഡ് ഓണ്‍ വെയ്ജസ് ബില്‍ ഇതിനോടകം പാസായിട്ടുണ്ട്.
വിവാദ ബില്ലുകള്‍ ഏകപക്ഷീയമായി പാസാക്കരുതെന്ന് ആവശ്യപ്പെട്ട് ഇന്നലെ മുതല്‍ ഇരുസഭകളും ബഹിഷ്കരിച്ച പ്രതിപക്ഷം രാജ്യസഭാ ചെയര്മാന് വെങ്കയ്യ നായിഡുവിന് കത്തെഴുതിയിരുന്നു. ഇത് ജനാധിപത്യത്തെ ബാധിക്കുന്ന ഒന്നായിരിക്കുമെന്നു പ്രതിപക്ഷം കത്തില്‍ വ്യക്തമാക്കി. കൊറോണ വൈറസ് വ്യാപനം കണക്കിലെടുത്ത് ബില്ലുകള്‍ പാസാക്കിയ ഉടന്‍ രാജ്യസഭ അനിശ്ചിതകാലത്തേക്ക് പിരിഞ്ഞു.
പ്രതിപക്ഷ ആവശ്യം തള്ളി; ലേബര്‍ കോഡ് ബില്ലുകള്‍ രാജ്യസഭയും പാസാക്കി
