പുതുവര്‍ഷത്തില്‍, നിരവധി ജനക്ഷേമ പ്രവര്‍ത്തനങ്ങളാണ് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. പോസ്റ്റ് ഓഫീസ് സമ്പാദ്യ പദ്ധതികളിലും നിരവധി മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. ചില സ്‌കീമുകളുടെ പലിശ നിരക്ക് വര്‍ദ്ധിപ്പിക്കുകയും മറ്റു ചിലത് മാറ്റമില്ലാതെയും നിലനിര്‍ത്തിയിട്ടുണ്ട്. നിക്ഷേപത്തിനായി നിങ്ങള്‍ പദ്ധതിയിട്ടിട്ടുണ്ടെങ്കില്‍, പലിശ വര്‍ദ്ധിപ്പിച്ച പോസ്റ്റ് ഓഫീസിന്റെ ഈ അഞ്ച് പദ്ധതികളെക്കുറിച്ച് തീര്‍ച്ചയായും അറിഞ്ഞിരിക്കണം. ഫിക്‌സഡ് ഡിപ്പോസിറ്റ്, ആര്‍.ഡി, സുകന്യ സമൃദ്ധി യോജന, സീനിയര്‍ സിറ്റിസണ്‍ സേവിംഗ്‌സ് സ്‌കീം, പി.പി.എഫ് തുടങ്ങിയ എല്ലാ സ്‌കീമുകളും പോസ്റ്റ് ഓഫീസ് വഴിയാണ് നടത്തുന്നത്.

സീനിയര്‍ സിറ്റിസണ്‍ സേവിംഗ്‌സ് സ്‌കീം

സീനിയര്‍ സിറ്റിസണ്‍ സേവിംഗ്‌സ് സ്‌കീമിന്റെ പലിശ നിരക്ക് 2023 ജനുവരി 1 മുതല്‍ 8.0 ശതമാനമായി ഉയര്‍ത്തി. നേരത്തെ ഈ പദ്ധതിയില്‍ 7.6 ശതമാനം പലിശ ലഭിച്ചിരുന്നു. 60 വയസ്സിനു മുകളില്‍ പ്രായമുള്ളവര്‍ക്കുള്ളതാണ് ഈ പദ്ധതി. വിരമിച്ച ശേഷം മുതിര്‍ന്ന പൗരന്മാര്‍ക്ക് സ്ഥിര വരുമാനം നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് ഇത് നടപ്പിലാക്കിയിരിക്കുന്നത്. ഇതുകൂടാതെ വിആര്‍എസ് എടുത്തവര്‍ക്കും ഈ പദ്ധതി പ്രയോജനപ്പെടുത്താം. കുറഞ്ഞത് 1000 രൂപയും പരമാവധി 15 ലക്ഷം രൂപയും ഈ അക്കൗണ്ടില്‍ നിക്ഷേപിക്കാം. അക്കൗണ്ട് തുറന്ന് അഞ്ച് വര്‍ഷത്തിന് ശേഷം ഡെപ്പോസിറ്റ് തുകയുടെ കാലാവധി പൂര്‍ത്തിയാകും.

പോസ്റ്റ് ഓഫീസ് ടൈം നിക്ഷേപം

പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റില്‍, നിങ്ങള്‍ക്ക് ഒന്ന്, രണ്ട്, മൂന്ന്, അഞ്ച് വര്‍ഷത്തെ ടൈം ഡെപ്പോസിറ്റ് സൗകര്യം ലഭിക്കും. ജനുവരി 1 മുതല്‍ പലിശ നിരക്കില്‍ മാറ്റമുണ്ടാകും. ഇപ്പോള്‍ നിങ്ങള്‍ക്ക് ഒരു വര്‍ഷത്തെ ടൈം ഡെപ്പോസിറ്റിന് 6.6 ശതമാനം പലിശ ലഭിക്കുന്നു. അത് നേരത്തെ 5.5 ശതമാനമായിരുന്നു. നേരത്തെ 5.7 ശതമാനമായിരുന്ന രണ്ട് വര്‍ഷത്തെ ടൈം ഡെപ്പോസിറ്റുകള്‍ക്ക് 6.8 ശതമാനം പലിശയാണ് ലഭിക്കുന്നത്. മൂന്ന് വര്‍ഷത്തെ ടൈം ഡെപ്പോസിറ്റുകള്‍ക്ക് നിങ്ങള്‍ക്ക് 6.9 ശതമാനം പലിശ ലഭിക്കും. അത് നേരത്തെ 5.8 ശതമാനമായിരുന്നു. നേരത്തെ 6.7 ശതമാനമായിരുന്ന അഞ്ച് വര്‍ഷത്തെ ടൈം ഡെപ്പോസിറ്റുകള്‍ക്ക് 7 ശതമാനം പലിശയാണ് ഇനി ലഭിക്കുക.

പ്രതിമാസ വരുമാന പദ്ധതി

പ്രതിമാസ വരുമാന പദ്ധതിയുടെ പലിശ നിരക്ക് 6.7 ശതമാനത്തില്‍ നിന്ന് 7.1 ശതമാനമായി ഉയര്‍ത്തി. ഈ സ്‌കീമില്‍ ഒറ്റത്തവണ തുക നിക്ഷേപിക്കുമ്പോള്‍ എല്ലാ മാസവും ഉറപ്പായ വരുമാനമുണ്ട്. പണം സുരക്ഷിതമാണ്.  വിപണിയുടെ ഉയര്‍ച്ച താഴ്ചകളാല്‍ ബാധിക്കപ്പെടുന്നില്ല. ഇതില്‍ ഒരിക്കല്‍ മാത്രം നിക്ഷേപിച്ചാല്‍ മതി. ഇതിന്റെ കാലാവധി അഞ്ച് വര്‍ഷമാണ്.

കിസാന്‍ വികാസ് പത്ര

ജനുവരി ഒന്ന് മുതല്‍ കിസാന്‍ വികാസ് പത്രയുടെ പലിശ നിരക്ക് 7.0 ശതമാനത്തില്‍ നിന്ന് 7.2 ശതമാനമായി വര്‍ധിപ്പിച്ചു. ആയിരം രൂപ മുതല്‍ ഇതില്‍ നിക്ഷേപം തുടങ്ങാം. ഇതിന് ശേഷം 100 രൂപയുടെ ഗുണിതങ്ങളായി നിക്ഷേപം നടത്താം. ഇതില്‍ നിക്ഷേപത്തിന് പരമാവധി പരിധിയില്ല. നോമിനി സൗകര്യവും ഇതില്‍ ലഭ്യമാണ്.

നാഷണല്‍ സേവിംഗ്‌സ് സര്‍ട്ടിഫിക്കറ്റ്

നാഷണല്‍ സേവിംഗ്‌സ് സര്‍ട്ടിഫിക്കറ്റിന്റെ പലിശ നിരക്ക് 6.8 ശതമാനത്തില്‍ നിന്ന് 7.0 ശതമാനമായി ഉയര്‍ത്തി. കുറഞ്ഞത് ആയിരം രൂപയ്ക്ക് എന്‍എസ്സി വാങ്ങാം, പരമാവധി നിക്ഷേപത്തിന് പരിധി നിശ്ചയിച്ചിട്ടില്ല. ഇതില്‍, നിങ്ങള്‍ വളരെക്കാലം പണം നിക്ഷേപിക്കേണ്ടതില്ല. ഈ സ്‌കീം അഞ്ച് വര്‍ഷത്തിനുള്ളില്‍ കാലാവധി പൂര്‍ത്തിയാകും. വാര്‍ഷികാടിസ്ഥാനത്തില്‍ പലിശ കൂട്ടുകയും ഗ്യാരണ്ടീഡ് റിട്ടേണ്‍ ലഭിക്കുകയും ചെയ്യുന്നു.