പോപ്പുല‌‌‌ർ ഫിനാൻസ് കേസിൽ സംസ്ഥാനത്ത് ഇതുവരെ 2900 കേസുകൾ രജിസ്റ്റർ ചെയ്തെന്ന് സർക്കാർ ഹൈക്കോടതിയില്‍. സിബിഐ അന്വേഷണം ആവശ്യമാണെന്നും പോപ്പുലറിന്റെ പ്രധാന സ്വത്തുക്കളെല്ലാം സംസ്ഥാനത്തിന് പുറത്താണെന്നും സർക്കാർ കോടതിയെ അറിയിച്ചു. അതേസമയം ഓരോ പരാതിയിലും കേസ് രജിസ്റ്റർ ചെയ്യണമെന്ന കോടതി ഉത്തരവ് നടപ്പാക്കുന്നില്ലെന്ന് ഹർജിക്കാർ പരാതിപ്പെട്ടു.

പോപ്പുലർ ഫിനാൻസ് തട്ടിപ്പില്‍ പ്രത്യേകം എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുന്നതില്‍ പോലീസ് മടി കാണിക്കുന്നു എന്നായിരുന്നു ഹര്‍ജിക്കാരുടെ വാദം. എന്നാല്‍ ഇതുവരെ 2900 കേസുകൾ രജിസ്റ്റർ ചെയ്തെന്നും പോപ്പുലറിന്റെ പ്രധാന സ്വത്തുക്കളെല്ലാം സംസ്ഥാനത്തിന് പുറത്തായതിനാല്‍ സിബിഐ അന്വേഷണം ആവശ്യമാണെന്നും സര്‍ക്കാര്‍ പ്രതിരോധം തീര്‍ത്തു. കോടതിയലക്ഷ്യം കാണിച്ചാൽ പൊലീസുകാരെ വിളിച്ചുവരുത്തുമെന്ന് വാദത്തിനിടെ കോടതി മുന്നറിയിപ്പ് നല്‍കി. ഉത്തരവ് ലംഘിക്കുന്ന പൊലീസുകാർക്കെതിരെ നടപടി വേണ്ടിവരുമെന്നും കോടതി വ്യക്തമാക്കി. നിലവിൽ എടുത്ത നടപടികള്‍ ,രജിസ്റ്റർ ചെയ്ത കേസുകളുടെ എണ്ണം, എന്നിവ സംബന്ധിച്ച് വിശദീകരണം നൽകണമെന്നും സര്‍ക്കാരിന് കോടതി നിര്‍ദ്ദേശം നല്‍കി.

അതേസമയം കേസേറ്റെടുക്കുന്നത് സംബന്ധിച്ച് നടപടികള്‍ പുരോഗമിക്കുകയാണെന്ന് സിബിഐ വ്യക്തമാക്കി. വിഷയത്തില്‍ കേന്ദ്ര അനുമതിയ്ക്കായി കാത്തിരിക്കുകയാണ്. നടപടികള്‍ പൂര്‍ത്തിയാക്കാന്‍ രണ്ടാഴ്ച്ച കൂടി സമയം വേണമെന്നും സമയം വേണം സി.ബി.ഐ കൂട്ടിച്ചേര്‍ത്തു.