പെരുമ്പാവൂരിൽ മോഷ്ടിച്ച ബൈക്കിലെത്തി യുവതിയുടെ മാല പൊട്ടിക്കാന്‍ ശ്രമിച്ച കേസിൽ പ്രതി അറസ്റ്റിൽ. എടത്തല സ്വദേശി വിമലിനെ തടിയിട്ടപറമ്പ് പൊലീസാണ് അറസ്‌റ്റ് ചെയ്തത്. കേസിൽ ഒരാളെക്കൂടി പിടികൂടാനുണ്ടെന്നു പൊലീസ് പറഞ്ഞു.

കഴിഞ്ഞ ദിവസം രാത്രി ജോലി കഴിഞ്ഞ് വീട്ടിലേക്ക് വരുന്നതിനിടയില്‍ കടമ്പ്രയാര്‍ വട്ടോലിക്കര പാലത്തിനു സമീപം വച്ചായിരുന്നു കവർച്ചാശ്രമം. മോഷ്ടിച്ച ബൈക്കിലെത്തിയ വിമൽ യുവതിയെ ആക്രമിച്ച് ബാഗ് പിടിച്ചുപറിക്കുവാൻ ശ്രമം നടത്തി. യുവതി ബഹളം വച്ചതിനെത്തുടര്‍ന്ന് പ്രതിയെ നാട്ടുകാര്‍ പിടികൂടുകയായിരുന്നു. പിന്നീട് പൊലീസിന് കൈമാറുകയും ചെയ്തു.

പ്രതിയുടെ ആക്രമണത്തില്‍ യുവതിക്ക് ചെറിയ പരുക്കേല്‍ക്കുകയും അവരെ പഴങ്ങനാട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. യുവതി സഞ്ചരിച്ച സ്‌കൂട്ടറിനെ പിന്‍തുടര്‍ന്ന് ബൈക്കിലെത്തിയ പ്രതിയും കൂട്ടാളിയും ചേര്‍ന്നാണ് ബാഗ് തട്ടിപ്പറിച്ചത്. പിടിവലിക്കിടയില്‍ സ്‌കൂട്ടറില്‍ നിന്ന് വീണാണ് യുവതിക്ക് പരുക്കേറ്റത്.

പ്രതികള്‍ സഞ്ചരിച്ച ബൈക്ക് പഴങ്ങനാട്ടിലെ സ്വകാര്യ ആശുപത്രിയില്‍ നിന്ന് മോഷ്ടിച്ചതാണെന്ന് അന്വേഷണത്തില്‍ വ്യക്തമായി. കോടതിയില്‍ ഹജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.