ഇടുക്കി: രാജമല ദുരന്തത്തില്‍ മണ്ണിടിച്ചിലില്‍ അപകടത്തില്‍ നിന്നും രക്ഷപ്പെട്ടവര്‍ക്ക് പുനരിധിവാസ പാക്കേജ് പ്രഖ്യാപിച്ചു. കവളപ്പാറയിലേതിന് സമാനമായി പെട്ടിമുടിയിലെ എല്ലാ കുടുംബങ്ങളെയും പുനരധിവസിപ്പിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. പെട്ടിമുടി ദുരന്ത മേഖല സന്ദര്‍ശിച്ച ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പെട്ടിമുടിയിലെ കുട്ടികളുടെ വിദ്യാഭ്യാസം ഉറപ്പാക്കും. കണ്ണന്‍ ദേവന്‍ കമ്ബനി സഹായിക്കുമെന്നാണ് കരുതുന്നത്. വീട് നിര്‍മ്മിക്കാന്‍ സ്ഥലവും സഹായവും ആവശ്യമാണ്. ഇത് ചെയ്യണമെന്ന് കമ്ബനിയോട് ആവശ്യപ്പെടുകയും ചെയ്തു. പ്ലസ് 2 കഴിഞ്ഞ വിദ്യാര്‍ത്ഥികള്‍ക്ക് പ്ലസ് 2 പഠനം നടക്കേണ്ടതുണ്ട്. അവര്‍ക്ക് വേണ്ട സഹായം പ്രത്യേകം പരിഗണിച്ച്‌ നല്‍കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

അപകടം നടന്ന സ്ഥലത്തോട് ചേര്‍്ന്ന് താമസിക്കുന്നവര്‍ക്ക് ഈ ദിവസങ്ങളില്‍ തൊഴില്‍ നഷ്ടപ്പെട്ടു. ഇക്കാര്യം കമ്ബനി പരിഗണിക്കണം. തൊഴിലാളികളെ മാറ്റി പാര്‍പ്പിച്ച ലയങ്ങളുടെ അറ്റക്കുറ്റപ്പണി നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഇടമലക്കുടിയിലേക്കുള്ള റോഡ് മെച്ചപ്പെടുത്തും. ഇക്കാര്യം നേരത്തെ തന്നെ സര്‍ക്കാരിന്റെ പരിഗണനയിലുള്ളതാണെന്നും അദ്ദേഹം പറഞ്ഞു.