പെഗസിസ് ഫോൺ ചോർത്തലിൽ കേന്ദ്രസർക്കാരിനെതിരെ ലോക്സഭയിൽ നടന്ന പ്രതിഷേധവുമായി ബന്ധപ്പെട്ട് പതിമൂന്ന് എംപിമാർക്ക് താക്കീത്. എ. എം ആരിഫ്, ഹൈബി ഈഡൻ, ഡീൻ കുര്യാക്കോസ് ഉൾപ്പെടെയുള്ള പതിമൂന്ന് എംപിമാർക്കാണ് താക്കീത് നൽകിയത്. സ്പീക്കറുടെ ചേംബറിൽ വിളിച്ചുവരുത്തിയായിരുന്നു നടപടി.
പെഗസിസ് ഉൾപ്പെടെ വിവിധ വിഷയങ്ങൾ ഉന്നയിച്ച് പ്രതിപക്ഷ എംപിമാർ പാർലമെന്റിൽ ശക്തമായ പ്രതിഷേധ പ്രടകടനം നടത്തിയിരുന്നു. ലോക്സഭയിൽ കൃഷി നിയമത്തെക്കുറിച്ച് ചർച്ച ചെയ്യാൻ കൊടിക്കുന്നിൽ സുരേഷും കേരളത്തിന് വാക്സിൻ ലഭിക്കുന്നില്ലെന്ന വിഷയം സഭ നിർത്തിവച്ച് ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് ടി. എൻ പ്രതാപനും ഡീൻ കുര്യാക്കോസും അടിയന്തര പ്രമേയ നോട്ടിസ് നൽകി. രാജ്യസഭയിൽ പെഗസസ് വിഷയത്തിൽ എളമരം കരീം, ബിനോയ് വിശ്വം, ഡോ. വി. ശിവദാസൻ എന്നിവരും നോട്ടിസ് നൽകി. പ്രതിപക്ഷ പ്രതിഷേധത്തിൽ ലോക്സഭ എട്ട് തവണയും രാജ്യസഭ അഞ്ച് തവണയും സ്തംഭിച്ചിരുന്നു.