കണ്ണൂര്‍: ഇരിട്ടിക്കു സമീപം ഉളിക്കല്‍ നുച്യാട് കോടാറമ്പ്‌ പുഴയില്‍ ഒഴുക്കില്‍പ്പെട്ട യുവതിയുടെയും സഹോദരപുത്രന്റെയും മൃതദേഹങ്ങള്‍ കണ്ടെത്തി. മരിച്ച യുവതിയുടെ മകനെ കണ്ടെത്താനായില്ല. ഉളിക്കല്‍ പഞ്ചായത്തിലെ നുച്ച്‌യാട് വാര്‍ഡ് മെംബര്‍ കബീറിന്റെ സഹോദരി പള്ളിപ്പാത്ത് താഹിറ(32), സഹോദര പുത്രന്‍ ബാസിത്ത്(13) എന്നിവരുടെ മൃതദേഹമാണ് കണ്ടെത്തിയത്. താഹിറയുടെ മകന്‍ ഫായിസിനെയാണ് കണ്ടെത്താനുള്ളത്. രാത്രി വരെ തിരച്ചില്‍ തുടര്‍ന്നെങ്കിലും വെളിച്ചക്കുറവും പുഴയിലെ ശക്തമായ നീരൊഴുക്കും കാരണം നിര്‍ത്തിവയ്ക്കുകയായിരുന്നു. തിരച്ചില്‍ ശനിയാഴ്ച രാവിലെ പുനരാരംഭിക്കും. വെള്ളിയാഴ്ച രാവിലെ 11ഓടെയാണ് നാടിനെ നടുക്കിയ അപകടം. കോടാറമ്പ്‌ പുഴയോട് ചേര്‍ന്ന് താമസിക്കുന്ന താഹിറയും കുടുബവും അലക്കാനും കുളിക്കാനും മറ്റും ഈ പുഴയിലാണു പോവാറുള്ളത്.

വെള്ളിയാഴ്ച താഹിറയോടൊപ്പം എത്തിയ കുട്ടികള്‍ അബദ്ധത്തില്‍ ഒഴുക്കില്‍പ്പെടുകയായിരുന്നുവെന്നാണ് നിഗമനം. ഇവരെ രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് താഹിറയും പുഴയില്‍ അകപ്പെട്ടതെന്നു കരുതുന്നു. വിവരമറിഞ്ഞ് ഓടിയെത്തിയ പരിസരവാസികള്‍ താഹിറയെയും ബാസിത്തിനെയും കണ്ടെത്തി ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇരിട്ടിയില്‍ നിന്നു ഫയര്‍ഫോഴ്‌സ്, ഉളിക്കല്‍ പോലിസ്, ഇരിട്ടി തഹസില്‍ദാര്‍ ദിവാകരന്‍ എന്നിവരടങ്ങുന്ന സംഘമാണ് തിരച്ചിലിന് നേതൃത്വം നല്‍കിയത്.