ശ്രീനഗര്‍:- നാല്പത് കിലോയോളം സ്ഫോടകവസ്തുക്കള്‍ നിറച്ച നിലയില്‍ പുല്‍വാമയിലെ രാജ്പൊര ഗ്രാമത്തില്‍ നിന്ന് ജമ്മു കശ്മീര്‍ പൊലീസ് കണ്ടെത്തിയ കാര്‍ ഉടമ ഹിസ്ബുള്‍ ഭീകരനാണെന്ന് കണ്ടെത്തി. തെക്കന്‍ കാശ്‌മീരില്‍ സജീവമായി ഭീകരവാദ പ്രവര്‍ത്തനത്തില്‍ ഏര്‍‌പ്പെട്ടിരിക്കുന്ന ഒരാളാണ് ഇയാള്‍. 2019ല്‍ 40ഓളം സി.ആര്‍.പി.എഫ് ജവാന്മാരുടെ മരണത്തിനിടയാക്കിയ തരം ഭീകരാക്രമണത്തിന് ഉദ്ദേശിച്ചാണ് വെളുത്ത സാന്‍ട്രോ കാര്‍‌ ഇവര്‍ തയ്യാറാക്കിയിരുന്നത്.

പുല്‍വാമാ ആക്രമത്തെ തുടര്‍ന്ന് ഇന്ത്യ പാക് ബന്ധത്തിലെ വിള്ളല്‍ വലുതാകുകയും യുദ്ധത്തിന്റെ വക്കോളം കാര്യങ്ങള്‍ എത്തുകയും ചെയ്തിരുന്നതാണ്. സുരക്ഷാ സേനക്ക് പുല്‍വാമാ മാതൃകയിലെ ആക്രമത്തെ കുറിച്ച്‌ സൂചന ഇന്റലിജന്‍സില്‍ നിന്ന് ലഭിച്ചിരുന്നെന്ന് കാശ്‌മീര്‍ സോണ്‍ ഐജി വിജയ് കുമാര്‍ അറിയിച്ചു.

‘സി.ആര്‍.പി.എഫ്, കാശ്മീര്‍ പൊലീസ്, സൈന്യം എന്നിവയുടെ സംയുക്ത നേതൃത്വത്തില്‍ വിവിധയിടങ്ങളില്‍ ആക്രമങ്ങളെ പ്രതിരോധിക്കാന്‍ ബാരിക്കേഡുകള്‍ തീര്‍ത്തു. ആ സമയത്താണ് സ്ഫോടക വസ്തുക്കള്‍ നിറച്ച കാര്‍ അതുവഴിയെത്തിയത്. ബാരിക്കേഡില്‍ നിര്‍ത്താതെ പോയ വാഹനത്തെ പിന്‍തുടര്‍ന്നപ്പോള്‍ ഒരിടത്ത് ഉപേക്ഷിച്ച്‌ ഡ്രൈവര്‍ കടന്നുകളഞ്ഞു.’ അദ്ദേഹം പറഞ്ഞു. കാറിലുണ്ടായിരുന്ന സ്ഫോടകവസ്തുക്കളുടെ ഉറവിടം അന്വേഷിക്കുമെന്ന് ജമ്മു കാശ്മീര്‍ പോലീസ് അറിയിച്ചു.