തിരുവനന്തപുരം: പുതുതായി സര്‍ക്കാര്‍ ജോലിയില്‍ പ്രവേശിക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ ഒരു മാസത്തിനകം പിഎസ്സി വണ്‍ടൈം റജിസ്‌ട്രേഷന്‍ പ്രൊഫൈലില്‍ ആധാര്‍ ലിങ്ക് ചെയ്യണമെന്ന് സര്‍ക്കാരിന്റെ നിര്‍ദേശം. ജോലിയില്‍ പ്രവേശിച്ച്‌ നിയമന പരിശോധന പൂര്‍ത്തിയാക്കാത്തവരും ആധാര്‍ ലിങ്ക് ചെയ്യണം.

പിഎസ്സി നിയമനങ്ങളുടെ സുതാര്യത വര്‍ധിപ്പിക്കാനാണ് ആധാര്‍ അധിഷ്ഠിത ബയോമെട്രിക് പരിശോധന സംവിധാനം ഏര്‍പ്പെടുത്തുന്നത്. ഒറ്റത്തവണ പരിശോധന (വണ്‍ ടെം വെരിഫിക്കേഷന്‍), നിയമന പരിശോധന (സര്‍വീസ് വെരിഫിക്കേഷന്‍), ഓണ്‍ലൈന്‍ പരീക്ഷകള്‍, അഭിമുഖം എന്നിവ നടക്കുന്ന സമയത്ത് ആധാര്‍ ലിങ്ക് ചെയ്ത് ബയോമെട്രിക് ഐഡന്റിഫിക്കേഷന്‍ വഴി ഉദ്യോഗാര്‍ഥികളുടെയും ജീവനക്കാരുടെയും ഐഡന്റിറ്റി പരിശോധിക്കേണ്ടതുണ്ട്. ഇപ്പോള്‍ ആധാര്‍ പരിശോധന നിര്‍ബന്ധമല്ല.

പരിശോധനാ നടപടികള്‍ സുതാര്യമാക്കുന്നതിന്റെ ഭാഗമായി, നിയമന പരിശോധനയ്ക്കു ഹാജരാകുന്ന ജീവനക്കാര്‍ ഒറ്റത്തവണ റജിസ്‌ട്രേഷന്‍ പ്രൊഫൈലില്‍ ആധാര്‍ ലിങ്ക് ചെയ്തശേഷം മാത്രം നിയമന പരിശോധന നടത്താന്‍ പിഎസ്സി തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായി പ്രൊഫൈലില്‍ ആധാര്‍ ലിങ്ക് ചെയ്യാനുള്ള ഉത്തരവിറങ്ങിയത്.