റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്റെ വിമര്‍ശകരില്‍ മിക്കവരും കൊല്ലപ്പെടുകയോ സംശയാസ്പദമായ സാഹചര്യങ്ങളില്‍ മരിക്കുകയോ ചെയ്യുകയായിരുന്നു. 2003 മുതല്‍ 10 പ്രമുഖ നേതാക്കള്‍ക്കാണ് ഇത്തരത്തില്‍ ജീവന് നഷ്ടമായത്. ഏറ്റവുമൊടുവില്‍ പുടിന് വിമര്‍ശകനായ അലക്സി നാവല്‍നിക്ക് കൂടി വിഷബാധയേറ്റതോടെ ഇക്കാര്യം വീണ്ടും ചര്‍ച്ചയായി.
രാജ്യത്തിനകത്ത് നിരന്തരം സ്വേച്ഛാധിപത്യ പ്രവണതകള്‍ പ്രകടിപ്പിക്കുന്ന റഷ്യന്‍ പ്രസിഡന്റ് വ്ലാദിമിര്‍ പുടിന്, അധികാരം നിലനിര്‍ത്താനും വിമര്‍ശനങ്ങള്‍ ഇല്ലാതാക്കാനും പലപ്പോഴും വഴിവിട്ട നീക്കങ്ങളാണ് നടത്തിയിട്ടുള്ളത്.
എന്നാല്‍ കൊലക്കേസടക്കം ഒരു കേസിലും അന്വേഷണങ്ങള്‍ പുടിനിലേക്കെത്തിയില്ല. പുടിനെ പരസ്യമായി വിമര്‍ശിക്കുകയും ദുരൂഹ സാഹചര്യങ്ങളില്‍ മരിക്കുകയും ചെയ്ത നിരവധി പേരുണ്ട് റഷ്യന്‍ രാഷ്ട്രീയത്തില്‍.