ഡോ. ജോര്‍ജ് എം. കാക്കനാട്
ഹ്യൂസ്റ്റണ്‍: ആരോപണ പ്രത്യാരോപണങ്ങള്‍ ഉയര്‍ത്തി ആദ്യ പ്രസിഡന്‍ഷ്യല്‍ ഡിബേറ്റ് അവസാനിച്ചപ്പോള്‍ കൂടുതല്‍ നേട്ടമുണ്ടാക്കിയത് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഡെമോക്രാറ്റിക്ക് പ്രതിനിധി ജോ ബൈഡന്റെ വാദങ്ങള്‍ക്കു കൃത്യമായി മറുപടി പറയുകയും അതേസമയം കടന്നാക്രമിക്കാനും ട്രംപിനു കഴിഞ്ഞു. ആക്രമണത്തിന്റെ മൂര്‍ച്ഛ കൂടി പോയിയെന്നു പലതവണ തോന്നിയെങ്കിലും അതൊക്കെയും ഇതിന്റെ ഭാഗമാണെന്നും എതിരാളിയുടെ മുഖമടിച്ചു അടിക്കുകയെന്നതിനപ്പുറം ഗോദയില്‍ ദാക്ഷിണ്യത്തിനു സ്ഥാനമില്ലെന്നും ട്രംപ് വ്യക്തമാക്കി. ട്രംപിനെ ‘കോമാളി’, ‘വിഡ്ഢി’, ‘പുടിന്റെ നായ്ക്കുട്ടി’ എന്നൊക്കെ ബൈഡന്‍ വിശേഷിച്ചത് അതിശയത്തോടെയാണ് അമേരിക്കന്‍ ജനത നോക്കി കണ്ടത്. വിദ്യാഭ്യാസമില്ലാത്തവനാണ് ബൈഡന്‍ എന്നു ട്രംപ് പറഞ്ഞത് ശരിയായോ എന്ന ചോദ്യമുയര്‍ന്നേക്കാം. എങ്കിലും ആദ്യ ഡിബേറ്റില്‍ ആരാണ് മികച്ചു നിന്നതെന്ന ചോദ്യം ഉയര്‍ത്തി കൊണ്ടു തന്നെയാണ് വാക്‌പോരുകള്‍ അവസാനിച്ചത്. ട്രംപ് മികച്ചു നിന്നുവെന്നതു ശരി, എന്നാല്‍ ബൈഡന്‍ പരാജയപ്പെട്ടു വെന്ന വാദഗതി ഫലപ്രദമാവുകയുമില്ല എന്ന മട്ടിലായിരുന്നു കാര്യങ്ങള്‍.
കോവിഡിനെയും വംശീയതയേയും ബൈഡന്‍ ഉയര്‍ത്തിപിടിച്ചപ്പോള്‍ ഇവ രണ്ടും ഫലപ്രദമായി അടിച്ചമര്‍ത്താന്‍ പ്രസിഡന്റ് എന്ന നിലയ്ക്ക് തനിക്കു കഴിഞ്ഞുവെന്നാണ് ട്രംപ് അവകാശപ്പെട്ടത്. തന്റെ സ്ഥാനത്ത് മറ്റാരു പ്രസിഡന്റായിരുന്നുവെങ്കില്‍ അമേരിക്കയില്‍ വംശീയകലാപം മറ്റൊരു തലത്തിലേക്ക് വ്യാപിക്കപ്പെട്ടേനെയെന്നും കോവിഡ് മരണനിരക്ക് രണ്ടു ലക്ഷത്തില്‍ നിന്നും മൂന്നു ദശലക്ഷത്തിലേക്കു മാറിയേനെയെന്നും അദ്ദേഹം പറഞ്ഞു. വാക്‌സിനേഷന്റെ കാര്യത്തില്‍ അന്തിമഘട്ടത്തിലെത്തി നില്‍ക്കുന്നു, സാമ്പത്തിക പ്രതിസന്ധി മറികടക്കാനുള്ള ഫെഡറല്‍ സഹായം സംസ്ഥാനങ്ങള്‍ക്ക് വൈകാതെ ലഭിക്കും തുടങ്ങിയ കാര്യങ്ങള്‍ ട്രംപ് അവകാശപ്പെട്ടപ്പോള്‍ ബൈഡന്‍ തൊഴിലില്ലായ്മനിരക്കിനെയും ആരോഗ്യപരിരക്ഷയായ ഒബാമ കെയറിനെയും കൂട്ടുപിടിച്ചു. എന്നാല്‍ ഇതൊന്നും രാജ്യത്തിന്റെ ദീര്‍ഘകാല മുന്നേറ്റത്തിനു സഹായകരമാവില്ലെന്നായിരുന്നു ട്രംപിന്റെ ന്യായം. അമേരിക്കയെ സംബന്ധിച്ചിടത്തോളം സാമ്പത്തികഭദ്രത എന്നത് പൗരന്മാരുടെ ജീവിക്കാനുള്ള അവകാശത്തോളം പ്രധാനമാണെന്നും അതു കൊണ്ടു ലോക്ക്ഡൗണ്‍, സ്‌റ്റേ അറ്റ് ഹോം എന്നിവയൊക്കെയും കോവിഡ് പോലെ പകര്‍ച്ചവ്യാധിയെ ഭയന്ന് ഓടിയൊളിക്കുന്നതിലല്ല കാര്യമെന്നും ട്രംപ് പറഞ്ഞു. പകര്‍ച്ചവ്യാധിയാണെങ്കിലും തീവ്രവാദമാണെങ്കിലും ആക്രമിക്കുന്ന സ്വഭാവമാണ് അമേരിക്കയ്ക്കുള്ളത്, അല്ലാതെ ഭീരുത്വത്തിന്റെ അടയാളമായി അടങ്ങിയൊതുങ്ങി വീട്ടിലിരിക്കുന്നവര്‍ രാജ്യപൗരന്മാരല്ലെന്നും ട്രംപ് പറഞ്ഞു.
പുരോഗതിയെ തടസ്സപ്പെടുത്തുന്ന സംസ്‌ക്കാരമാണ് ട്രംപ് മുന്നോട്ടുവെക്കുന്നതെന്നും ബൈഡന്‍ ആരോപിച്ചു. പ്രാചീനവും ആധുനികതയും തമ്മിലുള്ള അര്‍ത്ഥം അറിയില്ല, അതിനുള്ള വിവേചനമില്ല. ഇരിക്കുന്ന കമ്പ് മുറിക്കുന്ന പരിസ്ഥിതിപ്രശ്‌നത്തെ പോലും കണ്ടില്ലെന്നു നടിക്കുന്നു. കുട്ടികളെ കൊലയ്ക്കു കൊടുക്കാന്‍ കോവിഡ് കത്തിജ്വലിച്ചു നില്‍ക്കുമ്പോള്‍ സ്‌കൂളുകള്‍ തുറക്കാന്‍ തയ്യാറെടുക്കുന്നു, പലിശ വെട്ടിക്കുറയ്ക്കാന്‍ തയ്യാറാവുന്നില്ല, നികുതി ഇളവ് നല്‍കുന്നില്ല, വ്യക്തികള്‍ക്കുള്ള ധനാശ്വാസത്തില്‍ ഇപ്പോഴും തീരുമാനമെടുക്കാന്‍ കഴിയുന്നില്ല തുടങ്ങി നിരവധി ആരോപണങ്ങള്‍ ബൈഡന്‍ ട്രംപിനു മേല്‍ ഉന്നയിച്ചു. എന്നാല്‍ ഇതിനെല്ലാം ട്രംപിനു കൃത്യമായ മറുപടിയുണ്ടായിരുന്നു. വിദ്യാഭ്യാസമില്ലായ്മയുടെ പ്രശ്‌നം കൊണ്ടാണ് ബൈഡന് ഇതൊന്നും മനസ്സിലാക്കാന്‍ കഴിയാത്തത് എന്നു ട്രംപ് പറഞ്ഞു. വിവേചനത്തോടെ കാര്യങ്ങള്‍ മനസ്സിലാക്കാന്‍ നല്ല പഠനം വേണം, അതില്ലാത്തതിന്റെ കുഴപ്പമാണ്. പ്രാഥമിക വിദ്യാഭ്യാസം പോലും കഷ്ടിച്ചു പാസായ ആളാണ് ബൈഡന്‍. അതു കൊണ്ട് ഇത്തരം വലിയ കാര്യങ്ങള്‍ കണ്ടാല്‍ മനസ്സിലാവില്ല, മുന്‍ വൈസ് പ്രസിഡന്റാണെങ്കില്‍ പോലും ഇത്തരം കാര്യങ്ങളില്‍ അഭിപ്രായം പറയാന്‍ ബൈഡന് തെല്ലും യോഗ്യതയില്ലെന്നും ട്രംപ് പറഞ്ഞു. ട്രംപിന്റെ ആവശേഭരിതമായ മറുപടികള്‍ പലപ്പോഴും വ്യക്തിനിഷ്ഠമാണെന്നും അക്കാര്യത്തില്‍ ഡിബേറ്റിന്റെ അന്തസ്സ് കുറച്ചു കാണരുതെന്നും മോഡറേറ്റര്‍ ക്രിസ് വാലസും പല തവണ പറഞ്ഞെങ്കിലും ട്രംപ് അതു കേട്ടമട്ട് കാണിച്ചില്ല. ‘മനുഷ്യാ, നിങ്ങള്‍ക്കു മിണ്ടാതിരിക്കുമോ?’ ട്രംപിന്റെ ആക്രമണത്തെ എതിര്‍ക്കാന്‍ കഴിയാതിരുന്ന ബൈഡന്‍ ഒരു തവണ പൊട്ടിത്തെറിച്ചത് ഇങ്ങനെയാണ്. തന്റെ ആരോപണങ്ങള്‍ക്കല്ല ട്രംപ് മറുപടി പറയുന്നതെന്നും അദ്ദേഹം വ്യക്തിപരമായി കീഴടക്കാനാണ് തയ്യാറെടുക്കുന്നതെന്നും ബൈഡന്‍ ആരോപിച്ചു.
ജനാധിപത്യ തെരഞ്ഞെടുപ്പ് ഫലം അംഗീകരിക്കില്ലെന്ന് പറയുന്ന ട്രംപ് വെള്ളക്കാരന്റെ വംശീയ ആധിപത്യത്തെ നിലനിര്‍ത്തി സ്വേച്ഛാധിപത്യ പ്രതിഫലനങ്ങളുള്ള ഒരു പ്രസിഡന്റ് ആവാനാണ് ശ്രമിക്കുന്നതെന്നു ബൈഡന്‍ പറഞ്ഞു. ഇത്തരമൊരു പ്രസിഡന്റിനെയാണോ അമേരിക്കയ്ക്കു വേണ്ടതെന്നു വോട്ടര്‍മാര്‍ തീരുമാനിക്കണമെന്നും ബൈഡന്‍ ആവശ്യപ്പെട്ടു. വൈറ്റ് മേധാവിത്വവാദികളെ അപലപിക്കാന്‍ അദ്ദേഹം വിസമ്മതിച്ചതും നവ ഫാസിസ്റ്റ് ഗ്രൂപ്പായ പ്രൗഡ് ബോയ്‌സിനോട് ഒപ്പം നില്‍ക്കാന്‍ പറഞ്ഞതും വേദിയില്‍ ഞെട്ടിപ്പിക്കുന്നതായിരുന്നുവെന്നും ബൈഡന്‍ പറഞ്ഞു. തുല്യസമത്വമാണ് ജനാധിപത്യം നല്‍കേണ്ടത്, വോട്ടെടുപ്പ് വ്യക്തമാക്കുന്നതും അതാണ്, എന്നാല്‍ ട്രംപ് തിരിച്ചു ചിന്തിക്കുന്നു. ഒരു മല്‍സരത്തില്‍ പിന്തുണ വിപുലീകരിക്കുകയെന്ന തന്റെ പ്രധാന ലക്ഷ്യം നിറവേറ്റുന്നതില്‍ പൂര്‍ണ്ണമായും ട്രംപ് പരാജയപ്പെട്ടു. ഒരു സ്ഥാനാര്‍ത്ഥിയുടെ അസാധാരണവും സ്വയം സഹതാപവും നിഷ്ഠൂരവുമായ പ്രകടനമായിരിക്കും ഇത്. 100 വര്‍ഷത്തിനിടയിലെ ഏറ്റവും മോശമായ ആരോഗ്യ പ്രതിസന്ധി, 90 വര്‍ഷത്തിനിടയിലെ ഏറ്റവും മോശപ്പെട്ട സാമ്പത്തിക മാന്ദ്യം, 50 വര്‍ഷത്തിനിടയിലെ ഏറ്റവും ആഴത്തിലുള്ള വംശീയ പ്രതിസന്ധി എന്നിവയാണ് ട്രംപിന്റെ നേട്ടമെന്നും ബൈഡന്‍ ആരോപിച്ചു. പകര്‍ച്ചവ്യാധിയെക്കുറിച്ച് ട്രംപിന് ഉത്തരങ്ങളില്ല, ചൈനയെ കുറ്റപ്പെടുത്തി, മാസ്‌ക്കുകള്‍ ധരിക്കുന്നതിനെ ദുര്‍ബലപ്പെടുത്തി, വരാനിരിക്കുന്ന വാക്‌സിന്‍ സുരക്ഷിതമാണോ എന്ന് തീര്‍ച്ചയില്ല, കോവിഡിനെ എങ്ങനെ പ്രതിരോധിക്കണമെന്നു ശാസ്ത്രജ്ഞരെ മറികടക്കുമെന്ന് പ്രസംഗിച്ചു തുടങ്ങിയ ആരോപണങ്ങള്‍ ബൈഡന്‍ ഉയര്‍ത്തിയപ്പോള്‍ ട്രംപ് അതിനെ ന്യായീകരിച്ചത് തന്റെ ഭരണനേട്ടങ്ങള്‍ ഉയര്‍ത്തിപിടിച്ചാണ്. സംസ്ഥാനങ്ങളും ഫെഡറല്‍ സംവിധാനവും തമ്മിലുള്ള ഇഴയടുപ്പം അമേരിക്കയ്ക്ക് കോവിഡ് പ്രതിസന്ധിക്കു മുന്‍പ് സമ്മാനിച്ച വലിയ വികസനം കാണാതിരിക്കുന്ന കുരുടനാണ് ബൈഡന്‍ എന്ന് ട്രംപ് പറഞ്ഞു. താന്‍ എവിടെയാണെന്ന് തനിക്കറിയില്ലെന്നും രണ്ട് വാക്കുകള്‍ ഒരുമിച്ച് ചേര്‍ക്കാന്‍ കഴിയില്ലെന്നും തന്റെ വാദത്തിന് നുണ പറയുക എന്നതുമാണ് ബൈഡന്‍ ചെയ്യുന്നത്. ‘അദ്ദേഹത്തിന് ഒരു പദ്ധതിയില്ല. വാസ്തവത്തില്‍, എന്താണ് സംസാരിക്കുന്നതെന്ന് ഈ മനുഷ്യന് അറിയില്ല,’ ഒരു യഥാര്‍ത്ഥ ബദല്‍ നല്‍കാതെ ഒബാമകെയറിനെ ഉന്മൂലനം ചെയ്യാനുള്ള ട്രംപിന്റെ ശ്രമങ്ങളെ അപലപിച്ച് ബൈഡന്‍ പറഞ്ഞു.
സംസ്‌കാരത്തെയും വംശത്തെയും കുറിച്ചുള്ള ട്രംപിന്റെ വാക്കുകള്‍ അദ്ദേഹത്തിന്റെ അടിത്തട്ടിലുള്ള വോട്ടര്‍മാരെ എങ്ങനെ ചിന്തിപ്പിക്കുമെന്നു കണ്ടറിയണമെന്നും ബൈഡന്‍ പറഞ്ഞു. കാലാവസ്ഥാ വ്യതിയാനം, മെയില്‍-ഇന്‍ ബാലറ്റുകള്‍ തുടങ്ങിയ വിഷയങ്ങളില്‍ ചില വിചിത്രമായ ഉത്തരങ്ങള്‍ പറയുന്നത് പ്രസിഡന്റ് വീണ്ടും അമേരിക്കയെ നാലു വര്‍ഷത്തേക്ക് അരാജകത്വത്തിലേക്ക് തള്ളിവിടാന്‍ തയ്യാറെടുക്കുകയാണെന്നും ബൈഡന്‍ പറഞ്ഞു. എന്നാല്‍ ട്രംപ്, പ്രത്യേകിച്ച് സ്വിംഗ് സ്റ്റേറ്റുകളില്‍, സബര്‍ബന്‍, പ്രത്യേകിച്ച് വനിതാ വോട്ടര്‍മാര്‍ എന്നിവരുമായുള്ള അദ്ദേഹത്തിന്റെ പിന്തുണ നന്നാക്കുക എന്ന ഉദ്ദേശത്തോടു കൂടിയാണ് കൂടുതലും സംസാരിച്ചത്. ആക്രമണമാണ് ഏറ്റവും മികച്ച പ്രതിരോധമെന്നു മനസ്സിലാക്കിയ ട്രംപ് തുടക്കം മുതല്‍ അത്തരത്തില്‍ വലിയ വെടിയുണ്ടകള്‍ എറിയുന്ന പ്രകടനമാണ് നടത്തിയത്. അവ ശരിയാണെങ്കില്‍, സ്വിംഗ് സ്റ്റേറ്റുകളില്‍ ബിഡന്റെ ലീഡ് കുറയ്ക്കാന്‍ അദ്ദേഹത്തിന് ഇപ്പോഴും അവസരമുണ്ട്. വൈറ്റ് മേധാവിത്വത്തെ അപലപിക്കാന്‍ വാലസും, ബൈഡനും ആവശ്യപ്പെട്ടപ്പോള്‍, അദ്ദേഹത്തിന് അത് ചെയ്യാന്‍ കഴിഞ്ഞില്ല. പകരം, തീവ്ര വലതുപക്ഷ നവ ഫാസിസ്റ്റ് സംഘടനയായ പ്രൗഡ് ബോയ്‌സ് ഗ്രൂപ്പിനോട് അദ്ദേഹം യോജിച്ചു. ഒപ്പം ഭരണഘടനാ പ്രതിസന്ധി ഇല്ലാതാക്കി. തന്റെ നോമിനി ആമി കോണി ബാരറ്റ് ഉള്‍പ്പെടെയുള്ള സുപ്രീം കോടതി ജഡ്ജിയുടെ നിലപാടുകളെ താന്‍ വളരെയധികം ഇഷ്ടപ്പെടുമെന്ന് സൂചിപ്പിച്ചു.
‘ഇത് ന്യായമായ തിരഞ്ഞെടുപ്പാണെങ്കില്‍, ഞാന്‍ വിജയതീരത്താണ്. പക്ഷേ പതിനായിരക്കണക്കിന് ബാലറ്റുകള്‍ കൈകാര്യം ചെയ്യുന്നത് തെറ്റായാണെങ്കില്‍, അതിനൊപ്പം പോകാന്‍ എനിക്ക് കഴിയില്ല,’ ട്രംപ് പറഞ്ഞു.