ന്യൂയോര്‍ക്ക്: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം ഒരു കോടിയോടടുക്കുന്നു. മരണസംഖ്യ 4.95ലക്ഷം പിന്നിട്ടു. 52 ലക്ഷത്തോളം പേര്‍ രോഗമുക്തി നേടി. ഏറ്റവും കൂടുതല്‍ രോഗ ബാധിതരും മരണവും റിപ്പോര്‍ട്ട് ചെയ്തത് അമേരിക്കയിലാണ്. 25 ലക്ഷത്തിലധികം പേര്‍ക്കാണ് യു.എസില്‍ കൊവിഡ് സ്ഥിരീകരിച്ചത്.1,26,839 പേര്‍ മരിക്കുകയും ചെയ്തു.
അമേരിക്കയില്‍ സ്ഥിതി അതീവ ഗുരുതരമായി തുടരുകയാണ്. മെയ് അവസാനത്തോടെ രോഗവ്യാപനം കുറഞ്ഞ് തുടങ്ങിയിരുന്നു. എന്നാല്‍, കൂടുതല്‍ ഇളവുകള്‍ നിലവില്‍ വന്നതോടെ ജൂണില്‍ രോഗികളുടെ എണ്ണം വീണ്ടും ഉയരാന്‍ തുടങ്ങി. രണ്ട് കോടിയോളം പേര്‍ യു.എസില്‍ കൊവിഡ് ബാധിതരായേക്കാമെന്ന് സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോളിന്റെ മുന്നറിയിപ്പുണ്ട്.
കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ ബ്രസീലാണ് രണ്ടാം സ്ഥാനത്തുള്ളത്. 12 ലക്ഷത്തിലധികം പേര്‍ക്കാണ് രാജ്യത്ത് രോഗം സ്ഥിരീകരിച്ചത്. മരണസംഖ്യ 55,000 കടന്നു. രോഗികളുടെ എണ്ണത്തില്‍ തൊട്ടുപിന്നിലുള്ളത് റഷ്യയാണ്. രാജ്യത്ത് ആറ് ലക്ഷത്തിലധികം രോഗികളാണ് ഉള്ളത്. ഇന്ത്യയിലും സ്ഥിതി ആതീവഗുരുതരമായി തുടരുകയാണ്. രോഗബാധിതരുടെ എണ്ണം അഞ്ച് ലക്ഷത്തിലേക്ക് അടുക്കുകയാണ്.