തിരുവനന്തപുരം; പിഎം കെയേഴ്സ് ഫണ്ടിന്‍റെ വിനിയോഗവുമായി ബന്ധപ്പെട്ട നിബന്ധനകളില്‍ മാറ്റം വരുത്തണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തയച്ചതായി മുഖ്യമന്ത്രി. അതിഥി തൊഴിലാളികളുടെ താമസം, ചികിത്സ, ഭക്ഷണം, യാത്ര എന്നിവ ഒരുക്കുന്നതിന് മാത്രമേ ഈ ഫണ്ടില്‍നിന്ന് തുക വിനിയോഗിക്കാന്‍ അനുവാദമുള്ളു.
എന്നാല്‍ മുമ്ബ് ഇതിനായി ചെലവഴിച്ച തുക ക്ലെയിം ചെയ്യാനും സാധിക്കില്ല. മൂന്ന് ഘടകങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് പിഎം കെയേഴ്സ് ഫണ്ടിലെ തുക സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും അനുവദിക്കുന്നത്.
1) 2011ലെ സെന്‍സസ് പ്രകാരമുള്ള ജനസംഖ്യയ്ക്ക് 50 ശതമാനം വെയിറ്റേജ്. 2) ഇതുവരെയുള്ള കോവിഡ് രോഗികളുടെ ആകെ എണ്ണത്തിന് 40 ശതമാനം വെയ്‌റ്റേജ്. 3) സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും തുല്യ പങ്കിന് പത്തുശതമാനം വെയ്‌റ്റേജ്.
അതത് സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമുള്ള അതിഥി തൊഴിലാളികളുടെ ക്ഷേമത്തിന് ചെലവഹിക്കുന്ന തുക അവിടെയുള്ള അതിഥി തൊഴിലാളികളുടെ എണ്ണത്തെ ആശ്രമിച്ചിരിക്കും.
അതുകൊണ്ടുതന്നെ, 2011ലെ സെന്‍സസ് പ്രകാരമുള്ള ജനസംഖ്യയ്ക്ക് 50 ശതമാനം വെയ്‌റ്റേജ് നല്‍കുന്നതിനു പകരം ഓരോ സംസ്ഥാനത്തും കേന്ദ്രഭരണ പ്രദേശത്തുമുള്ള അതിഥി തൊഴിലാളികളുടെ എണ്ണത്തിന് 50 ശതമാനം വെയ്‌റ്റേജ് നല്‍കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
4.85 ലക്ഷം അതിഥി തൊഴിലാളികളാണ് കേരളത്തിലുള്ളത്. അവര്‍ക്ക് ഭക്ഷണം, പാര്‍പ്പിടം എന്നിവ ഒരുക്കാനും അവരുടെ ക്ഷേമം ഉറപ്പാക്കാനും കേരളം മാതൃകാപരമായ ഇടപെടലുകളാണ് നടത്തിയിട്ടുള്ളത്.
എന്നാല്‍, മുന്‍ ചെലവുകള്‍ ക്ലെയിം ചെയ്യാന്‍ കഴിയില്ല എന്ന നിലപാട് കേന്ദ്രം സ്വീകരിച്ചിട്ടുള്ളതിനാല്‍ ഇതുവരെ അതിഥി തൊഴിലാളികള്‍ക്കായി കേരളം ചെലവഴിച്ച തുക തിരിച്ചുകിട്ടാന്‍ കഴിയാത്ത അവസ്ഥയാണുള്ളത്. ഇത് പുനഃപരിശോധിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.