കൊച്ചി: പാലാരിവട്ടത്തെ മേല്‍പ്പാലം പൊളിക്കുന്ന ജോലികള്‍ വിലയിരുത്തുന്നതിനുവേണ്ടി പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍ ഇന്ന് സ്ഥലം സന്ദര്‍ശിക്കും. രാവിലെ പത്തരയോടെയാവും അദ്ദേഹം എത്തുക എന്നാണ് റിപ്പോര്‍ട്ട്. പാലം പണിയുടെ മേല്‍നോട്ടം വഹിക്കുന്ന ഡി എം ആര്‍ സി, ഊരാളുങ്കല്‍ സൊസൈറ്റി എന്നിവയിലെ ഉദ്യോഗസ്ഥരും മന്ത്രിക്കൊപ്പമുണ്ടാകും.

കഴിഞ്ഞ തിങ്കളാഴ്ചയാണ് പാലം പൊളിക്കുന്നതിന് തുടക്കമിട്ടത്. രണ്ട് മാസത്തിനുളളില്‍ പൊളിക്കല്‍ജോലികള്‍ പൂര്‍ത്തിയാവും. എട്ടുമാസത്തിനുളളില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കാനാണ് ധാരണ. പാലത്തിലെ കോണ്‍ക്രീറ്റ് ഡിവൈഡര്‍ പൊളിക്കുന്ന ജോലിയാണ് ഇപ്പോള്‍ നടക്കുന്നത്.ഇത് അന്തിമഘട്ടത്തിലാണ്. ഇന്നുമുതല്‍ കൂടുതല്‍ ഉപകരണങ്ങള്‍ എത്തിച്ച്‌ ജോലികള്‍ വേഗത്തിലാക്കും.