ബാംഗ്ലൂരു : പൗരത്വ നിയമ പ്രതിഷേധത്തിനിടെ ‘പാക്കിസ്ഥാന്‍ സിന്ദാബാദ്’ എന്ന് ജയ് വിളിച്ച വിദ്യാര്‍ഥിനി അമൂല്യ ലിയോണയുടെ ജാമ്യാപേക്ഷ കോടതി തള്ളി. ബാംഗ്ലൂരൂ കോടതിയാണ് ജാമ്യം വിലക്കിയത്. ജാമ്യം അനുവദിച്ചാല്‍ അമൂല്യ ഒളിവില്‍ പോകാന്‍ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ജാമ്യാപേക്ഷ തള്ളിയത്.

അമൂല്യ ഇതിനു മുമ്ബും ഇത്തരം പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിട്ടുണ്ടെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. രാജ്യദ്രോഹ കുറ്റമാണ് അമൂല്യക്കെതിരെ ചാര്‍ജ് ചെയ്തിരിക്കുന്നത്. പാകിസ്ഥാന് ജയ് വിളിച്ചുകൊണ്ട് രാജ്യത്ത് ശത്രുത വളര്‍ത്താന്‍ ശ്രമിച്ചുവെന്നാണ് പോലീസ് ചുമത്തിയിരിക്കുന്നത്.

മാര്‍ച്ച്‌ 25ന് പരിഗണിക്കേണ്ട ജാമ്യപേക്ഷ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയതിനാല്‍ വൈകുകയായിരുന്നു. ജാമ്യം അനുവദിച്ചാല്‍ അമൂല്യ ഒളിവില്‍ പോവാനുള്ള എല്ലാ സാധ്യതയുമുണ്ടെന്നും അതിനാല്‍ ജാമ്യപേക്ഷ തള്ളുകയാണെന്നും 60 മത് അഡീഷണല്‍ സിറ്റി സിവില്‍ ആന്‍ഡ് സെഷന്‍സ് ജഡ്ജ് ആയ വിദ്യാധര്‍ ശ്രീഹട്ടി വ്യക്തമാക്കി.