ഇസ്ലാമാബാദ് : പാകിസ്താന് ദേശീയ അസംബ്ലി സ്പീക്കര്‍ ആസാദ് ഖൈസറിന് കൊറോണവൈറസ് സ്ഥിരീകരിച്ചു. രാജ്യത്ത് 24 മണിക്കൂറിനിടെ 990 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിക്കുകയും 24 പേര് മരിക്കുകയും ചെയ്തതായി പാകിസ്താന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. പാകിസ്താനില്‍ ഇതോടെ
കോവിഡ് മൂലം മരിച്ചവരുടെ എണ്ണം 385 ആയി. രോഗബാധിതരുടെ എണ്ണം 16,817 ആണ്.
പാകിസ്താനില്‍ കൊറോണ സ്ഥിരീകരിക്കുന്ന രണ്ടാമത്തെ ഉന്നത രാഷ്ട്രീയ നേതാവാണ് ആസാദ് ഖൈസര്‍. നേരത്തെ സിന്ധ് ഗവര്‍ണര്‍ ഇമ്രാന് ഇസ്മായിലിനും രോഗം സ്ഥിരീകരിച്ചിരുന്നു.
സ്പീക്കര്‍ ആസാദ് ഖൈസര്‍ വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയാണ്. അദ്ദേഹത്തിന്റെ രണ്ട് മക്കള്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഖൈസറിന്റെ സഹോദരിക്കും ഭര്‍ത്താവിനും കൊറോണയുള്ളതായി നേരത്തെ കണ്ടെത്തിയിരുന്നു.
സാമൂഹിക അകലം പാലിക്കണമെന്ന നിര്‍ദ്ദേശങ്ങള്‍ ലംഘിച്ച് ഖൈസര്‍ തിങ്കളാഴ്ച വീട്ടില്‍ ഇഫ്താര്‍ വിരുന്ന് സംഘടിപ്പിച്ചതായും റിപ്പോര്‍ട്ടുണ്ട്.
പിപിപി എംപിയും പാകിസ്താനിലെ പ്രമുഖ ഹിന്ദു നേതാവുമായ റാണ ഹമിര്‍ സിങും കറാച്ചിയിലെ ജമാഅത്തെ ഇസ്ലാമി എംപി അബ്ദുള്‍ റഷീദും നേരത്തെ രോഗം ബാധിച്ച രാഷ്ട്രീയ നേതാക്കളാണ്.