കോഴിക്കോട്: സംസ്ഥാന സ്‌കൂള്‍ കലോത്സവങ്ങളില്‍ പാചകം ചെയ്യാന്‍ ഇനി ഇല്ലെന്ന പഴയിടം മോഹനന്‍ നമ്പൂതിരിയുടെ പ്രസ്താവനയില്‍ പ്രതികരണവുമായി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. കലോത്സവ പാചകത്തിന് ടെന്‍ഡര്‍ വഴിയാണ് പഴയിടം വന്നത്. അദ്ദേഹത്തെ വേദനിപ്പിക്കേണ്ടിയിരുന്നില്ല. ഇപ്പോള്‍ ഉണ്ടാകുന്ന ഈ വിവാദങ്ങള്‍ അനാവശ്യമാണ്. ഭക്ഷണം നല്‍കുന്നകാര്യത്തില്‍ വന്നവരെ ആരെയും പഴയിടം നിരാശപ്പെടുത്തിയില്ല. അദ്ദേഹം തന്റെ ഉത്തരവാദിത്വം കൃത്യമായി നിര്‍വഹിച്ചുവെന്നും മന്ത്രി പറഞ്ഞു.
ബ്രഹ്‌മണ മേധാവിത്വം സംബന്ധിച്ച ചര്‍ച്ചകള്‍ അനാവശ്യ വിവാദം സൃഷ്ടിക്കുന്നു. ഒരു വിവാദവും ഇല്ലാത്തപ്പോള്‍ എന്തെങ്കിലും ഉണ്ടാക്കുന്നു എന്ന് മാത്രം. നിലവിലെ വിവാദം അതിവിപ്ലവമായെ കാണാനാകൂ. കലോത്സവ ഭക്ഷണശാലയില്‍ നോണ്‍ വെജ് ആഹാരം നല്‍കുന്നതിനെക്കുറിച്ച് ആലോചിച്ചിട്ടുണ്ട്. എന്നാല്‍ കൂടുതല്‍ ചര്‍ച്ച വേണം. അടുത്ത കലോത്സവത്തിന് പഴയിടമില്ലെങ്കില്‍ ടെന്‍ഡര്‍ വഴി മറ്റൊരാളെ കണ്ടെത്തുമെന്നും മന്ത്രി പ്രതികരിച്ചു.
വിവാദങ്ങള്‍ക്ക് പിന്നാലെയാണ് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ ഇനിമുതല്‍ ഭക്ഷണം പാകം ചെയ്യാന്‍ താനുണ്ടാകില്ലെന്ന് പഴയിടം മോഹനന്‍ നമ്പൂതിരി വ്യക്തമാക്കിയത്. ഞാനൊരു പാചകക്കാരനാണ്. ഭയം പിടികൂടിയ ഒരു പാചകക്കാരന് നല്ല രീതിയില്‍ പാചകം ചെയ്യന്‍ കഴിയില്ല. ഇത്രയും നാള്‍ ഞാന്‍ കൊണ്ടുനടന്ന ചില കാര്യങ്ങള്‍ക്ക് വിപരീതമായ കാര്യങ്ങള്‍ പാചകപ്പുരയില്‍ പോലും വീണുകഴിഞ്ഞു. അനാവശ്യമായി ജാതീയതയുടെയും വര്‍ഗീയതയുടെയും വിത്തുകള്‍ വാരിയെറിഞ്ഞ സാഹചര്യത്തില്‍ ഇനിമുതല്‍ കലോത്സവ വേദികളെ നിയന്ത്രിക്കാന്‍ എനിക്ക് ഭയമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ഇത്തവണത്തെ നോണ്‍ വെജ് വിവാദത്തിന് പിന്നില്‍ വര്‍ഗീയ അജണ്ടയാണ്. നോണ്‍വെജിനോട് എനിക്ക് യാതൊരു വിരോധവുമില്ല. അത് പാചകം ചെയ്ത് നല്‍കിയിട്ടുമുണ്ട്. എല്ലാം അറിഞ്ഞിരുന്നിട്ടും വിവാദമുണ്ടാക്കിയത് വേദനിപ്പിച്ചു. സര്‍ക്കാറിന്റെ നിലപാടുകളോട് യാതൊരു എതിര്‍പ്പുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇനി ടെന്‍ഡറില്‍ പങ്കെടുക്കില്ലെന്നും പഴയിടം മോഹനന്‍ നമ്പൂതിരി വ്യക്തമാക്കി. നേരത്തെ സ്‌കൂള്‍ കലോത്സവത്തിന് പാചകം ചെയ്യുന്നത് നിര്‍ത്താന്‍ അദ്ദേഹം തീരുമാനിച്ചിരുന്നു. എന്നാല്‍ സര്‍ക്കാര്‍ ഇടപെടലിനെ തുടര്‍ന്ന് തീരുമാനം മാറ്റുകയായിരുന്നു.