ധോണിയുടെ പിൻഗാമിയാകാൻ അർഹൻ ഋഷഭ് പന്ത് തന്നെയെന്ന് വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് ഇതിഹാസം ബ്രയാൻ ലാറ. ക്ലാസ് പ്ലെയർ ആണെങ്കിലും സ്പോർട്ടിംഗ് വിക്കറ്റുകളിൽ മികച്ച ബൗളിംഗ് അറ്റാക്കിനെതിരെ സഞ്ജുവിൻ്റെ ടെക്നിക്ക് മോശമാണെന്ന് തനിക്ക് തോന്നിയിട്ടുണ്ടെന്നും ലാറ പറഞ്ഞു. ഇന്ത്യ ടുഡേ ആണ് വാർത്ത റിപ്പോർട്ട് ചെയ്തത്.

“സഞ്ജു സാംസൺ, രാജസ്ഥാൻ റോയൽസിനു വേണ്ടി കീപ്പ് ചെയ്യുന്നില്ല. പക്ഷേ, ഞാൻ മനസ്സിലാക്കിയത് അദ്ദേഹം കീപ്പ് ചെയ്യുമെന്നാണ്. അതാണ് അദ്ദേഹത്തിൻ്റെ പ്രധാനപ്പെട്ട ചുമതലകളിൽ ഒന്ന്. ക്ലാസ് പ്ലെയറാണ്. ഷാർജയിൽ വളരെ മികച്ച പ്രകടനമായിരുന്നു. സ്പോർട്ടിംഗ് വിക്കറ്റുകളിൽ, മികച്ച ബൗളിംഗ് അറ്റാക്കിനെതിരെ ടെക്നിക്കലി അദ്ദേഹത്തിൻ്റെ ആവനാഴിയിൽ വേണ്ടത്ര വിഭവങ്ങൾ ഇല്ലെന്ന് തോന്നിയിട്ടുണ്ട്. ഒരു വർഷം മുൻപാണെങ്കിൽ ഋഷഭ് പന്തിനെ ഞാൻ തിരഞ്ഞെടുക്കില്ലായിരുന്നു. പക്ഷേ, ഒരു ബാറ്റ്സ്മാൻ എന്ന നിലയിൽ തൻ്റെ ചുമതലകൾ ഇപ്പോൾ അദ്ദേഹം കൂടുതലായി മനസ്സിലാക്കുന്നുണ്ട്. ഇപ്പോൾ ഡൽഹി ക്യാപിറ്റൽസിനായി അദ്ദേഹം കളിക്കുന്നത് ശ്രദ്ധിക്കുക. ആ ചുമതല അദ്ദേഹം ഇപ്പോൾ ആഗ്രഹിക്കുന്നുണ്ടെന്നാണ് തോന്നുന്നത്. റൺസ് സ്കോർ ചെയ്യാനുള്ള ത്വരയുണ്ട്. ഇന്നിംഗ്സ് ബിൽഡ് ചെയ്ത് ഉയർന്ന സ്കോർ നേടണമെന്നുണ്ട്, ഇങ്ങനെ തുടരുകയാണെങ്കിൽ അദ്ദേഹം നമ്പർ 1 ആകുമെന്നാണ് ഞാൻ കരുതുന്നത്.”- ലാറ പറഞ്ഞു.

ഈ ഐപിഎൽ സീസണിൽ തുടർച്ചയായ രണ്ട് മികച്ച പ്രകടനങ്ങൾക്കു ശേഷം സഞ്ജു പിന്നീട് നടന്ന മൂന്ന് മത്സരങ്ങളിലും നിരാശപ്പെടുത്തിയിരുന്നു. 8, 4, 0 എന്നിങ്ങനെയാണ് അവസാന മൂന്ന് മത്സരങ്ങളിൽ സഞ്ജു സ്കോർ ചെയ്തത്. ഇതിനു പിന്നാലെയാണ് ലാറയുടെ പ്രതികരണം.